പാലക്കാട് കൊലപാതക കേസന്വേഷണം; പോലീസിന്‍റെ കയ്യും കാലും കെട്ടരുതെന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Tuesday, August 16, 2022

മലപ്പുറം: പാലക്കാട്‌ സിപിഎം പ്രവർത്തകന്‍റെ കൊലപാതക കേസന്വേഷണത്തിൽ പോലീസിന്‍റെ കയ്യും കാലും സർക്കാർ കെട്ടി ഇടരുതെന്ന് പ്രതിപക്ഷ നേതാവ്. ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണ്. ലോകായുക്തയുടെ പല്ലും നഖവും ഊരി എടുക്കാനാണ് സർക്കാർ ശ്രമമെന്നും വി.ഡി സതീശൻ മലപ്പുറത്ത് പറഞ്ഞു.

എകെജി സെന്‍റർ ആക്രമണ കേസ് പോലെ ആകരുത് പാലക്കാട് സിപിഎം പ്രവർത്തകന്‍റെ കൊലപാതക  കേസന്വേഷണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പോലീസിന്‍റെ കയ്യും കാലും കെട്ടിയിടരുത്, സ്വതന്ത്രമായി കേസന്വേഷിക്കാൻ അനുവദിക്കണം.

ലോകായുക്ത ബിൽ ഒരു കാരണവശാലും പാസ് ആക്കരുത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെയുള്ള ലോകായുക്തയിലെ കേസിന്‍റെ വിധിയെ ഭയന്നിട്ടാണ് സർക്കാർ ലോകായുക്തയെ എതിർക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സിപിഎം നേതാക്കൾക്ക് പറയാനാകാത്ത കാര്യങ്ങൾ അവർ കെ.ടി ജലീലിനെക്കൊണ്ട് പറയിപ്പിക്കുകയാണ്. ദേശവിരുദ്ധ പരാമർശത്തിൽ വിശദീകരണം കൊണ്ട് എന്ത് കാര്യമെന്നും വി.ഡി സതീശൻ പറഞ്ഞു.