‘തമ്മിലടിപ്പിക്കാനുള്ള ആസൂത്രിത ശ്രമങ്ങള്‍ക്കിടയില്‍ ആയിരം വാക്കുകളേക്കാള്‍ ശക്തിയുണ്ട് ഈ ചിത്രത്തിന്’; പ്രതിപക്ഷ നേതാവിന്‍റെ ഫേസ്ബുക്ക് കുറിപ്പ്

Jaihind Webdesk
Thursday, September 16, 2021

 

മധ്യകേരള മഹായിടവക ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാനും താഴത്തങ്ങാടി ഇമാം ഷംസുദ്ദീന്‍ മന്നാനി ഇലവുപാലവും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ച്  പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സാമുദായിക സ്പർധ വളർത്തി കേരളത്തിന്‍റെ സാമൂഹിക ഇഴയടുപ്പം ഇല്ലാതാക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്ന ഈ കാലഘട്ടത്തില്‍ ആയിരം വാക്കുകളേക്കാള്‍ ശക്തിയുണ്ട് ഈ ഒരൊറ്റ ചിത്രത്തിനെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

പ്രതിപക്ഷ നേതാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് :

 

സാമുദായിക സ്പര്‍ധ വളര്‍ത്തി കേരളത്തിന്‍റെ സാമൂഹിക ഇഴയടുപ്പം പിച്ചിച്ചീന്താന്‍ ചിലര്‍ ആസൂത്രിതമായി ശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍ ആയിരം വാക്കുകളേക്കാള്‍ ശക്തിയുണ്ട് ഈ ഒരൊറ്റ ചിത്രത്തിന്. കേരളത്തിന്‍റെ സമാധാനാന്തരീക്ഷത്തിന് പോറലേല്‍ക്കരുതെന്ന സന്ദേശവുമായി സി.എസ്.ഐ. മധ്യകേരള മഹായിടവക ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാനും മുസ്‌ലിം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രക്ഷാധികാരി താഴത്തങ്ങാടി ഇമാം ഷംസുദ്ദീന്‍ മന്നാനി ഇലവുപാലവുമാണ് സി.എസ്.ഐ ബിഷപ്പ് ഹൗസില്‍ കഴിഞ്ഞ ദിവസം സംയുക്ത പത്രസമ്മേളനം നടത്താനായി ഒത്തുചേര്‍ന്നത്.

സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ വ്യാജ അക്കൗണ്ടുകളിലൂടെ വിദ്വേഷം ആളിക്കത്തിച്ച് രണ്ടു സമുദായങ്ങളെ തമ്മിലടിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതിനിടെ നോക്കുകുത്തിയായി ഒരു ഭരണകൂടം മാറി നില്‍ക്കുന്നിടത്താണ് മതസൗഹാര്‍ദ്ദത്തിന് പോറല്‍ ഏല്‍ക്കാതിരിക്കാനുള്ള ശ്രമവുമായി ഈ രണ്ടു മത നേതാക്കള്‍ ഒത്തുചേര്‍ന്നത്. ഈ ഇഴയടുപ്പം തന്നെയാണ് വര്‍ഗീയവാദികളെ ഇത്രകാലവും അകറ്റിനിര്‍ത്താന്‍ കേരള സമൂഹം പുറത്തെടുത്തിരുന്ന ആയുധവും. മതസൗഹാര്‍ദ്ദവും മാനവികതയും ഉയര്‍ത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യാന്‍ ഈ വാര്‍ത്താചിത്രം സമൂഹത്തിനാകെ പ്രചോദനമാകേണ്ടത് കാലഘട്ടത്തിന്‍റെ അനിവാര്യതയാണ്.