തോമസ് ഐസക്കിന്‍റെ നടപടി സത്യപ്രതിജ്‌ഞാ ലംഘനം; രാജി ആവശ്യപ്പെട്ട് വി ഡി സതീശൻ

Jaihind News Bureau
Tuesday, November 17, 2020

ഭരണഘടനാ സ്ഥാപനത്തെ ആക്ഷേപിച്ച് ദുർബലപ്പെടുത്തുകയും, നിയമപരമായ നടപടികളെ കാറ്റിൽ പറത്തുകയും ചെയ്ത ധനമന്ത്രി തോമസ് ഐസക് രാജിവക്കണമെന്ന് വി ഡി സതീശൻ എംഎൽഎ. സി ആൻ്റ് എ ജി യുടെ ഓഡിറ്റ് റിപ്പോര്‍ട്ട് ചോര്‍ത്തിയെടുത്ത് ധനമന്ത്രി പരസ്യപ്പെടുത്തിയത് ഗുരുതരമായ കുറ്റമാണ്. തോമസ് ഐസക്കിൻ്റെ നടപടി സത്യപ്രതിജ്‌ഞാ ലംഘനമാണെന്നും വി ഡി സതീശൻ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

താൻ ചോർത്തിയത് കരട് റിപ്പോർട്ടാണെന്നും – ഫൈനൽ റിപ്പോർട്ടല്ലെന്നുമുള്ള ധനമന്ത്രിയുടെ വാദം കളവാണെന്ന് തെളിഞ്ഞിരിക്കുന്നു. സുപ്രധാനമായ ഓഡിറ്റ് റിപ്പോർട്ടിന്റെ മൂന്ന് കോപ്പി കളിലൊന്ന് ധനവകുപ്പിൽ കാണാനില്ലെന്ന ധനമന്ത്രിയുടെ വാദം വിചിത്രമാണ്. കിഫ്ബിയെ കുറിച്ച് തോമസ് ഐസക് കെട്ടിപ്പൊക്കിയ വ്യാജ പ്രതിച്ഛായ തകരുമെന്ന് മുൻകൂട്ടിക്കണ്ടാണ് ധനമന്ത്രി റിപ്പോർട്ട് നിയമസഭയിൽ വെക്കുന്നതിന് മുമ്പ് ചർച്ചയാക്കിയതെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. മസാല ബോണ്ട് വാങ്ങിക്കാനുളള തീരുമാനത്തെ സംസ്ഥാനത്തെ ചീഫ് സെക്രട്ടറിയും, ധനകാര്യ സെക്രട്ടറിയും എതിർത്തിരുന്നുവെന്ന് ഇപ്പോൾ വ്യക്തമായെന്നും സതീശൻ പറഞ്ഞു.

സിഎജി റിപ്പോർട്ട് നിയമസഭയിൽ വെക്കുമ്പോൾ കേരളത്തിലെ ജനങ്ങൾ ഞെട്ടും. അതിന്‍റെ ആഘാതം കുറയ്ക്കുന്നതിന് വേണ്ടി മുൻകൂർ ജാമ്യം എടുക്കൽ മാത്രമാണ് തോമസ് ഐസക്ക് ഇപ്പോൾ ചെയ്തതെന്നും സതീശൻ പറഞ്ഞു. ഐസക്കുമായി തുറന്ന സംവാദത്തിന് ഞാന്‍ തയ്യാറാണെന്നും സതീശൻ പറഞ്ഞു.

https://www.facebook.com/JaihindNewsChannel/videos/376781440209015