കോണ്‍ഗ്രസ് നേതാക്കളെ കാണാന്‍ എകെജി സെന്‍ററിന്‍റെ അനുവാദം വേണ്ട; വിജയരാഘവന്‍റേത് നിലവാരമില്ലാത്ത തമാശയെന്ന് വി.ഡി സതീശന്‍

Jaihind Webdesk
Monday, September 6, 2021

തിരുവനന്തപുരം : ഉമ്മൻ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും കാണാൻ എകെജി സെന്‍ററിന്‍റെ അനുവാദം വേണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ഇതുപോലെ നിലവാരമില്ലാത്ത തമാശ പറയരുതെന്നും പിണറായി വിജയൻ വിജയരാഘവന് ഉപദേശം നൽകണമെന്നും പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു. യുഡിഎഫ് ഏകോപനസമിതി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു വി.ഡി സതീശന്‍.

യുഡിഎഫിൽ അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. എഐസിസി ജനറൽ സെക്രട്ടറി വന്ന് പരിഹരിക്കേണ്ട ഒരു വിഷയവും നിലവിൽ കേരളത്തിലില്ല. ഒരു നിബന്ധനയുമില്ലാതെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടുവെന്നും  അദ്ദേഹം പറഞ്ഞു. നിപ്പ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സർക്കാരിന് പൂർണ്ണ പിന്തുണ പ്രതിപക്ഷം വാഗ്ദാനം ചെയ്തു. കൊവിഡ് പ്രതിരോധത്തിൽ സർക്കാരിന് വീഴ്ചപറ്റിയെന്നും പ്രതിപക്ഷ നേതാവ് ആവർത്തിച്ചു.