കൊവിഡ്‌ മരണനിരക്ക് കുറച്ചു കാണിക്കുന്നതായി പരാതി ; സർക്കാർ അന്വേഷിക്കണമെന്ന്‌ പ്രതിപക്ഷ നേതാവ് ; ‘അർഹതപ്പെട്ടവർക്ക് ആനുകൂല്യം നഷ്ടമാകും’

Jaihind Webdesk
Friday, May 28, 2021

തിരുവനന്തപുരം: കൊവിഡ്‌ മരണനിരക്ക് കുറച്ചു കാണിക്കുന്നതായി വ്യാപകമായി പരാതിയുണ്ടെന്നും ഇത് സർക്കാർ അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കൊവിഡ്‌ മൂലം മാതാപിതാക്കൾ മരിച്ച് അനാഥരായ കുട്ടികൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരണനിരക്ക് മനപ്പൂർവം കുറച്ചു കാണിച്ചാൽ അർഹതപ്പെട്ട നിരവധി കുട്ടികൾക്ക് ഈ ആനുകൂല്യം ലഭിക്കാതെപോകുമെന്നും അദ്ദേഹം പറഞ്ഞു. പതിനഞ്ചാം നിയസഭയിലെ ഗവർണറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ ബജറ്റില്‍ പറയേണ്ട കാര്യങ്ങളാണ് നയപ്രഖ്യാപനത്തില്‍ പറഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാരിന് സ്ഥലജലവിഭ്രാന്തിയാണ്. മൂന്ന് കാര്യത്തെകുറിച്ച് നയപ്രഖ്യാപനത്തിൽ പ്രതീക്ഷിച്ചെങ്കിലും അത് വന്നില്ല. ഒന്നാമത്തെ ആരോഗ്യനയമാണ്. പുതിയ ആരോഗ്യനയം പ്രതീക്ഷിച്ചെങ്കിലും വന്നില്ല. മൂന്നാം തരംഗം ഉണ്ടായാൽ എങ്ങനെ നേരിടുമെന്നതിനെ കുറിച്ച് ഒരു നയമുണ്ടാകാത്തത് ദൗർഭാഗ്യകരമാണ്.

രണ്ടാമത് ഒരു പുതിയ വിദ്യാഭ്യാസനയമാണ്.ഇത് രണ്ടാം തവണയാണ് കുട്ടികൾ ഓൺലൈൻ ക്ലാസുകളിലേക്ക് കടക്കുന്നത്. വിദ്യാർഥികളും മാതാപിതാക്കളും ഇതിൽ അസ്വസ്ഥരാണെന്നും പുതിയ ഒരു മാർഗരേഖ പ്രതീക്ഷിച്ചെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മൂന്നാമത് ദുരന്തനിവാരണത്തിലാണ്. കോവിഡ് മഹാമാരിക്കിടയിലാണ് കടലാക്രമണവും മറ്റു കെടുതികളും അനുഭവിക്കുന്നത്. ഇനി ഒരു പ്രളയം കൂടി ഉണ്ടായാൽ എങ്ങനെ നേരിടുമെന്നതിൽ ഒരു ദുരന്തനിവാരണ പ്ലാൻ ആവശ്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.