ഐസക്ക് ഗവർണറേയും സഭയേയും തെറ്റിദ്ധരിപ്പിച്ചു ; സിഎജി റിപ്പോർട്ട് ചോർത്തിയത് വിവാദം മുന്‍കൂട്ടിക്കണ്ട് : വി.ഡി സതീശൻ

Jaihind News Bureau
Wednesday, January 20, 2021

 

തിരുവനന്തപുരം : പ്രതിപക്ഷം പറഞ്ഞതിന്‍റെ ആവർത്തനം മാത്രമാണ് സിഎജി റിപ്പോർട്ട് എന്ന് വി.ഡി സതീശൻ എംഎല്‍എ. കിഫ്ബിയെ അല്ല ബജറ്റിനു പുറത്തുള്ള കടമെടുപ്പിനെയാണ് വിമർശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  സിഎജി എക്സിറ്റ് മീറ്റിങ് മിനിട്ട്സ് ധനകാര്യ വകുപ്പിന് അയച്ചില്ല എന്നത് കബളിപ്പിക്കലാണ്. ഓഫ് ബജറ്റ് കടമെടുപ്പ് ശരിയല്ല എന്ന് സി ആൻഡ് എജി കേന്ദ്ര സർക്കാരിനെ വിമർശിച്ചിട്ടുണ്ട്. തന്ത്രപൂർവ്വം രാഷ്ട്രിയവുമായി ബന്ധപ്പെടുത്തി തെറ്റ് മറച്ചുവെക്കാനാണ് സർക്കാർ നീക്കമെന്നും അദ്ദേഹം ആരോപിച്ചു.

മസാല ബോണ്ടിന് ആർബിഐ അനുവാദം നൽകിയത് ഫെമ ആക്ട് പ്രകാരം മാത്രമാണ്. കിഫ്ബി കടമെടുപ്പിനെ ധനകാര്യ സെക്രട്ടറിയും ചീഫ് സെക്രട്ടറിയും എതിർത്തില്ലേ എന്നും അദ്ദേഹം ചോദിച്ചു. 2018ൽ സിഎജി റിപ്പോർട്ടിൽ ഓഫ് ബജറ്റ് കടമെടുപ്പിനെ വിമർശിച്ചപ്പോൾ എന്ത് കൊണ്ട് ചോർത്തി നൽകിയില്ല ? സഭയുടെ മേശപ്പുറത്ത് വരുമ്പോൾ വിവാദമാകുന്നത് മറികടക്കാൻ ചോർത്തി നൽകി. പ്രതിക്കൂട്ടിൽ നിൽക്കേണ്ട ആൾ അങ്ങോട്ട് കടന്നാക്രമിച്ചു. ഇത്രയും കൗശലക്കാരനായ മന്ത്രി ചരിത്രത്തിൽ ഇല്ല. കൊള്ളപലിശക്ക് കടമെടുത്തത്തിൽ ധനകാര്യമന്ത്രിയും സർക്കാരും മറുപടി പറയണം. ഈ നടപടികളിൽ നിന്ന് സർക്കാരും കിഫ്ബിയും പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.