നര്‍ക്കോട്ടിക് വിവാദത്തില്‍ കള്ളക്കളി നടത്തുന്നു ; മുഖ്യമന്ത്രിക്ക് അനങ്ങാപ്പാറ നയമെന്ന് വി.ഡി സതീശന്‍

Jaihind Webdesk
Wednesday, September 22, 2021

തിരുവനന്തപുരം : നര്‍ക്കോട്ടിക് വിവാദത്തില്‍ മുഖ്യമന്ത്രി കള്ളക്കളി നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിഷയത്തില്‍ അനങ്ങാപ്പാറ നയമാണ് മുഖ്യമന്ത്രിക്കുള്ളതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. വര്‍ഗീയ സംഘര്‍ഷം പരിഹരിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇരുസമുദായങ്ങളും തമ്മിലുള്ള സംഘര്‍ഷം വലുതാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുമ്പോള്‍ വിഷയം നീണ്ടുപോകട്ടെയെന്ന നിലപാടാണ് സര്‍ക്കാരിനും സിപിഎമ്മിനും.

സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണങ്ങള്‍ അവസാനിപ്പിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണം. പരാതികളില്‍ യാതൊരു നടപടിയും പൊലീസ് ഇതുവരെ സ്വീകരിച്ചിട്ടില്ല. പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ത്തമാനമാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. എന്നിട്ടും സംസ്ഥാനത്ത് ഒരാളെപ്പോലും അറസ്റ്റ് ചെയ്യാന്‍ പൊലീസിന് കഴിഞ്ഞില്ല. വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന പരാമര്‍ശം നടത്താന്‍ ആര്‍ക്കും സംസ്ഥാനത്ത് സ്വാതന്ത്യം ഉണ്ടോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

മത-സമുദായ നേതാക്കളെ ഒരുമിച്ചിരുത്തി വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നാവശ്യപ്പെട്ടിട്ടും അതിന്റെ ആവശ്യമില്ലെന്നാണ് പാര്‍ട്ടി സെക്രട്ടറിയും മന്ത്രിമാരും പറയുന്നത്. വിഷയത്തിലെ കള്ളക്കളി അവസാനിപ്പിച്ച് അടിയന്തരമായി മത-സമുദായ നേതാക്കളുടെ യോഗംവിളിച്ച് പ്രശ്‌നം അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.