‘വൈദേകത്തില്‍’ നിന്ന് തലയൂരാന്‍ ഇ.പി: കുടുംബത്തിന്‍റെ ഓഹരികള്‍ വില്‍ക്കുന്നു; രാജിവെച്ച് റിസോർട്ട് സിഇഒ

Jaihind Webdesk
Thursday, March 9, 2023

 

കണ്ണൂർ: വിവാദമായ വൈദേകം റിസോര്‍ട്ടിലെ ഓഹരി വിൽക്കാൻ എൽഡിഎഫ് കൺവീനർ  ഇ.പി ജയരാജന്‍റെ കുടുംബം. ജയരാജന്‍റെ  ഭാര്യ ഇന്ദിരയും മകന്‍ ജെയ്‌സണുമാണ് തങ്ങളുടെ പേരിലുള്ള ഓഹരികള്‍ വിൽക്കുന്നത്. ഓഹരികൾ വിൽക്കാൻ തയാറാണെന്ന് ഡയറക്ടർ ബോർഡിനെ ഇരുവരും അറിയിച്ചു. വൈദേകം റിസോർട്ടിൽ കള്ളപ്പണം നിക്ഷേപം ഉണ്ടെന്ന പരാതിയെ തുടർന്ന് കേന്ദ്ര ഏജൻസി റിസോർട്ടിൽ പരിശോധന നടത്തിയിരുന്നു. റിസോര്‍ട്ടിലെ  ഓഹരി പങ്കാളിത്തം സംബന്ധിച്ച് പാർട്ടിക്കുള്ളിൽ പി ജയരാജൻ പരാതി പറഞ്ഞിരുന്നു. പാര്‍ട്ടിക്കുള്ളിലും  വലിയ വിവാദങ്ങള്‍ ഉയർന്ന സാഹചര്യത്തിലാണ് ഇപിയുടെ കുടുംബത്തിന്‍റെ തീരുമാനം. അതേസമയം റിസോർട്ടിന്‍റെ സിഇഒ തോമസ് ജോസഫ് സ്ഥാനം ഒഴിഞ്ഞു.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായ ഇ.പി ജയരാജന്‍റെ ഭാര്യ ഇന്ദിരയ്ക്ക് 81.99 ലക്ഷത്തിന്‍റേയും മകന്‍ ജെയ്‌സണ് 10 ലക്ഷം രൂപയുടേയും  ഓഹരിയാണുള്ളത്. കമ്പനിയുടെ ചെയർപേഴ്സണും ഇ.പിയുടെ ഭാര്യ തന്നെയാണ്. വൈദേകം റിസോർട്ട് ഉൾപ്പെടുന്ന കമ്പനിയിൽ കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന പരാതി ഉയർന്നതിനെ തുടർന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ റിസോർട്ടിൽ പരിശോധന നടത്തിയിരുന്നു. കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന പരാതിയെ തുടർന്ന് കേന്ദ്ര ഏജൻസിയായ ഇഡിയും (ED) പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു.  അന്വേഷണത്തിന്‍റെ ഭാഗമായി ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ട രേഖകൾ റിസോർട്ട് അധികൃതർ കണ്ണൂർ ആദായ നികുതി ഓഫീസിൽ കഴിഞ്ഞ ദിവസം ഹാജരാക്കിയിരുന്നു. ഇതിനിടയിലാണ് ഇ.പി ജയരാജന്‍റെ കുടുംബം വൈദേകം റിസോർട്ടിലെ ഓഹരികൾ വിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്.

വൈദേകം റിസോര്‍ട്ടിലെ  ഓഹരി പങ്കാളിത്തം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളിലും  വലിയ വിവാദങ്ങള്‍ ഉയർന്ന സാഹചര്യത്തിലാണ് ഇപിയുടെ കുടുംബത്തിന്‍റെ തീരുമാനം. 9,199 ഓഹരിയാണ് ഇരുവര്‍ക്കുമായുള്ളത്. വിവാദങ്ങൾ ഒഴിവാക്കാൻ പാർട്ടി നേതൃത്വം ഇ.പി ജയരാജന് നിർദേശം നൽകിയതിനെ തുടർന്നാണ് ഓഹരി വിറ്റഴിക്കുന്നതെന്നും സൂചനയുണ്ട്.