‘മലയാളിയുടെ ജീവിതത്തെ തിരശീലയില്‍ പകര്‍ത്തിയ അതുല്യപ്രതിഭ’: ശ്രീനിവാസനെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ്

Jaihind News Bureau
Saturday, December 20, 2025

 

അന്തരിച്ച നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വലിയ ലോകത്തെ ചെറിയ മനുഷ്യരുടെ ജീവിതവും ചെറിയ ലോകത്തെ വലിയ മനുഷ്യരുടെ ജീവിതവും അസാധാരണ ശൈലിയില്‍ പകര്‍ത്തിയെഴുതിയ അതുല്യ കലാകാരനായിരുന്നു ശ്രീനിവാസനെന്ന് അദ്ദേഹം അനുസ്മരിച്ചു.

അഞ്ച് പതിറ്റാണ്ട് നീണ്ട ആ സിനിമാ ജീവിതം മറ്റാര്‍ക്കും എത്തിപ്പിടിക്കാനാകാത്ത നേട്ടങ്ങളോടെയാണ് അവസാനിക്കുന്നത്. ശ്രീനിവാസന്റെ എഴുത്തിന്റെ ആഴവും അഭിനയത്തിന്റെ പരപ്പും അത്രമേല്‍ വലുതാണെന്നും അദ്ദേഹം പറഞ്ഞു.

പ്രിയദര്‍ശന്‍ ചെയ്ത ‘ചതി’യാണ് തന്നെ തിരക്കഥാകൃത്താക്കിയതെന്ന് ശ്രീനിവാസന്‍ തമാശയായി പറയാറുണ്ടെങ്കിലും, അത് മലയാള സിനിമയുടെ ഭാഗ്യമായാണ് കാലം തെളിയിച്ചതെന്ന് വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി. ‘ഊതിക്കാച്ചിയെടുത്ത പൊന്നുപോലെ ശ്രീനിവാസന്‍ എഴുതിയതും അഭിനയിച്ചതുമായ കഥാപാത്രങ്ങള്‍ നമുക്ക് ചിരപരിചയമുള്ളവരായിരുന്നു. അതുവരെയുള്ള നായക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ ആ കഥാപാത്രങ്ങള്‍ മലയാളി പൊതുസമൂഹത്തോട് ചേര്‍ന്നുനില്‍ക്കുന്നതുകൊണ്ടാണ് അവ കാലാതിവര്‍ത്തിയാകുന്നത്.’ – സതീശന്‍ പറഞ്ഞു. തലയണമന്ത്രം, വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള തുടങ്ങിയ സിനിമകള്‍ ക്ലാസിക്കുകളായി മാറിയത് ഈ മികവുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശ്രീനിവാസന്റെ രചനകളില്‍ നഗ്‌നമായ ജീവിത യാഥാര്‍ത്ഥ്യങ്ങളും പ്രണയവും നിസഹായതയും സൗഹൃദവുമുണ്ട്. ഒപ്പം നെഞ്ചില്‍ തറയ്ക്കുന്ന ആക്ഷേപഹാസ്യവും നിശിതമായ വിമര്‍ശനവുമുണ്ട്. അപ്രിയ സത്യങ്ങള്‍ ഉച്ചത്തില്‍ വിളിച്ചുപറയുന്നതിലൂടെ കേരള സമൂഹത്തിന് വലിയ സന്ദേശമാണ് അദ്ദേഹം നല്‍കിയതെന്നും വി.ഡി. സതീശന്‍ അനുസ്മരിച്ചു.

ശ്രീനിവാസന്‍ തിരശീലയില്‍ കാണിച്ച കാര്യങ്ങള്‍ ഒരു ദിവസമെങ്കിലും ഓര്‍ക്കാത്ത മലയാളി ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ടപ്പോള്‍ ‘സന്ദേശം’ സിനിമയിലെ വാചകങ്ങള്‍ ഓര്‍ത്ത കാര്യം അദ്ദേഹം പങ്കുവെച്ചു. ‘എറണാകുളത്ത് മടങ്ങിയെത്തുമ്പോള്‍ ശ്രീനിവാസനെ നേരില്‍ കാണണമെന്ന് കരുതിയതായിരുന്നു. അതിന് കാത്തുനില്‍ക്കാതെ അദ്ദേഹം വിടവാങ്ങി. മലയാള സിനിമയിലെ അതുല്യ പ്രതിഭയ്ക്ക്, പ്രിയ സുഹൃത്തിന് വിട,’ വി.ഡി. സതീശന്‍ കുറിച്ചു.