ഇനി കാസര്‍കോടിന്റെ സുഖദുഃഖങ്ങള്‍ക്കൊപ്പം; വോട്ടര്‍മാരോട് നന്ദി പറഞ്ഞ് രാജ്മോഹന്‍ ഉണ്ണിത്താന്‍

Jaihind Webdesk
Thursday, June 20, 2019

കാസര്‍ക്കോട്: കാസര്‍ക്കോട്ടെ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് കോണ്‍ഗ്രസ് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൂര്‍ണ പിന്തുണയേകി തന്നെ ജയിപ്പിച്ച് പാര്‍ലമെന്റിലേക്കയച്ച വോട്ടര്‍മാര്‍ക്ക് ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അദ്ദേഹം നന്ദി അറിയിച്ചത്. കാസര്‍ക്കോട്ടെ ജനങ്ങളാണ് തന്റെ യജമാനന്മാരെന്നും താന്‍ അവരുടെ ദാസന്‍ മാത്രമാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു.
കാസര്‍ക്കോട്ടുകാരാണ് തന്നെ വിജയിപ്പിച്ചത്. അവരുടെ മനസിലുള്ള കാര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് തന്റെ ദൗത്യം. അത്തരത്തിലുള്ള സമീപനമാകും തന്റെ ഭാഗത്തുനിന്നും ഇനി ഉണ്ടാകുകയെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ടിക്കറ്റിലാണ് മത്സരിച്ചത്, പിന്തുണച്ചത് ഒരു മുന്നണിയും. എങ്കിലും രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും വേണ്ടി താന്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്തും കൊല്ലത്തുമായാണ് ഇപ്പോള്‍ താമസിക്കുന്നത്. എന്നാല്‍ ഇനി എന്തെങ്കിലും പരിപാടികളില്‍ പങ്കെടുക്കാന്‍ മാത്രമേ അങ്ങോട്ടേയ്ക്ക് പോകുകയുള്ളൂവെന്നും ഇനി മുതല്‍ കാസര്‍ക്കോട്ട് സ്ഥിര താമസമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സഹയമഭ്യര്‍ത്ഥിച്ച് തന്നെ സമീപിക്കുന്നവര്‍ക്കാവശ്യമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കും. ഇനി മുതല്‍ കാസര്‍ക്കോട്ടുകാരുടെ സുഖത്തിലും ദുഃഖത്തിലും കഴിയുന്ന രീതിയില്‍ പങ്കെടുക്കുമെന്നും ഉണ്ണിത്താന്‍ ഉറപ്പു നല്‍കി.
കാഞ്ഞങ്ങാട് കാണിയൂര്‍ തീവണ്ടി പാത വിഷയം കേരളാ സര്‍ക്കാരും കര്‍ണാടക സര്‍ക്കാരും സയുക്തമായി സമ്മതപത്രം കൊടുക്കേണ്ട വിഷയമാണെന്നും കേന്ദ്രം അതിന്റെ പകുതി ചെലവ് വഹിക്കാമെന്ന് പറഞ്ഞിട്ടുണ്ടെന്നും കേരളം പകുതി ചെലവ് വഹിക്കണമെന്നത് മാത്രമല്ല കര്‍ണാടക സര്‍ക്കാരുമായി സംസാരിച്ച് ഒരു ധാരണ ഉണ്ടാക്കി അവരെ കൊണ്ട് ഒരു സമ്മതപത്രമുണ്ടാക്കി കേന്ദ്രസര്‍ക്കാരിന് നല്‍കണമെന്നും എങ്കില്‍ മാത്രമേ കാഞ്ഞങ്ങാട് കാണിയൂര്‍ റെയില്‍പാത സാധ്യമാകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
സത്യപ്രതിജ്ഞ ചടങ്ങ് കഴിഞ്ഞതിനു ശേഷം രാജ്മോഹന്‍ ഉണ്ണിത്താന്‍ നാളെ കേരളത്തിലെത്തും. തുടര്‍ന്ന് കാസര്‍കോട്ടെത്തി വോട്ടര്‍ന്മാരെ കണ്ട് സ്വീകരണങ്ങള്‍ ഏറ്റുവാങ്ങും. കരുവല്ലൂരില്‍ നിന്നുമാണ് സ്വീകരണ പരിപാടികള്‍ ആരംഭിക്കുന്നത്.