ഉന്നാവോ പെണ്‍കുട്ടിയെയും ബന്ധുക്കളെയും ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെന്‍ഗാര്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ബന്ധുക്കളുടെ വെളിപ്പെടുത്തല്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി ഒരു വർഷത്തിനിടെ 35 പരാതികളാണ് പെണ്‍കുട്ടിയുടെ കുടുംബം പോലീസിന് നല്‍കിയത്. എന്നാല്‍ പരാതികളില്‍ യാതൊരു നടപടിയും സ്വീകരിക്കാന്‍ പോലീസ് തയാറായില്ല എന്ന് ഇവര്‍ പറയുന്നു.
‘കേസ് സി.ബി.ഐ ഏറ്റെടുത്ത് എം.എല്‍.എയെ അറസ്റ്റ് ചെയ്തതിന് ശേഷം നിരന്തരം ഭീഷണികള്‍ നേരിട്ടു കൊണ്ടാണ് കഴിഞ്ഞത്. പക്ഷെ പൊലീസ് ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഭീഷണി കാരണം ഉന്നാവോയിലെ മഖിയിലെ വീട് വരെ ഉപേക്ഷിച്ച് പോരേണ്ടി വന്നു’ – പെണ്‍കുട്ടിയുടെ ബന്ധു വ്യക്തമാക്കി.
ജയിലിനുള്ളിലും ബി.ജെ.പി എം.എല്‍.എ സ്വതന്ത്രനാണെന്നും എല്ലാവിധ രാഷ്ട്രീയ പിന്‍ബലവും ലഭിക്കുന്നുവെന്നതിനുമുള്ള തെളിവാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എം.എല്‍.എയുടെ ആള്‍ക്കാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ നിരന്തരം ഭീഷണി ഉയര്‍ത്തി എന്നത് വ്യക്തമായിട്ടും നിരവധി പരാതികള്‍ നല്‍കിയിട്ടും ഇക്കാര്യത്തില്‍ ചെറുവിരല്‍ പോലും അനക്കാന്‍ പോലീസ് തയാറായില്ല. പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ നീക്കങ്ങള്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ തന്നെ എം.എല്‍.എയുടെ ആളുകള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന എഫ്.ഐ.ആര്‍ റിപ്പോര്‍ട്ടും ഇതിനൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. അതേസമയം പരാതികള്‍ ലഭിച്ചതായി പോലീസ് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടാണ് അന്വേഷിക്കാതിരുന്നതെന്നാണ് ഉന്നാവോ എസ്.പിയുടെ വിശദീകരണം.
ഉന്നാവ് പീഡനത്തിലെ ഇരയായ പെൺകുട്ടിയും അമ്മയും അമ്മായിയും തങ്ങളുടെ ജീവൻ അപകടത്തിലാണെന്നറിയിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും അലഹാബാദ് ഹൈക്കോടതിക്കും ഉത്തർപ്രദേശ് സർക്കാരിനും അയച്ച കത്തും പുറത്തുവന്നു. ഈ മാസം 12ന് അയച്ച കത്തിൽ ബി.ജെ.പി എം.എൽ.എ കുൽദീപ് സിംഗ് സെൻഗറിന്‍റെ ആളുകൾ 7, 8 തീയതികളിൽ വീട്ടിലെത്തി ഭീഷണി മുഴക്കിയെന്നും പറയുന്നു.
പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ചുണ്ടായ അപകടത്തെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കും. അന്വേഷണ ചുമതല സി.ബി.ഐക്ക് കൈമാറിയതായി കേന്ദ്രം ഉത്തരവിറക്കി. സി.ബി.ഐക്ക് പുറമേ ഉത്തർപ്രദേശ് പൊലീസിന്‍റെ പ്രത്യേക സംഘവും അപകടത്തെക്കുറിച്ച് അന്വേഷിക്കും. അതേസമയം അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉന്നാവോ പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുനകയാണ്. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് പെൺകുട്ടി ശ്വസിക്കുന്നത്.