ഉന്നാവോ കേസ്: സി.ബി.ഐ സംഘം പെണ്‍കുട്ടിയുടെ മൊഴി എടുത്തു

Jaihind Webdesk
Monday, September 2, 2019

ഉന്നാവോ കേസ് അന്വേഷിക്കുന്ന പ്രത്യേക സി.ബി.ഐ സംഘം ഡൽഹി എയിംസിൽ എത്തി പെൺകുട്ടിയുടെ മൊഴി എടുത്തു. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്ന പെൺകുട്ടിയെ ഇന്നലെ ആണ് ഐ.സി.യു വിൽ നിന്നും വാർഡിലേക്ക് മാറ്റിയത്. ഐ.സി .യു.വിൽ ആയിരുന്നതിനാൽ ഇതുവരെ സി.ബി.ഐ സംഘം പെൺകുട്ടിയുടെ മൊഴി എടുത്തിരുന്നില്ല. അതിനിടെ കേസിൽ വിചാരണ കോടതിയിൽ നിന്ന് സുപ്രീം കോടതി റിപ്പോർട്ട് തേടി. വിചാരണ നീതിപൂർവവും വേഗത്തിലും നടത്തണമെന്നും സുപ്രീം കോടതി നിർദ്ദേശം.

വാഹനാപകടം ഉണ്ടായി ഒരു മാസത്തിന് ശേഷമാണ് ഉന്നാവോ പെൺകുട്ടിയുടെ മൊഴി സി.ബി.ഐ രേഖപ്പെടുത്തുന്നത്. പെൺകുട്ടി അപകടനില തരണം ചെയ്യാത്തതാണ് മൊഴി എടുക്കൽ വൈകിപ്പിച്ചത്. അപകടനില തരണം ചെയ്ത പെൺകുട്ടിയെ തീവ്രപരിചരണ വിഭാഗത്തിൽ നിന്നും ഇന്നലെ വാർഡിലേക്ക് മാറ്റിയതിന്‍റെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘം ഇന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്.

അപകടത്തിൽ പരിക്കേറ്റ അഭിഭാഷകന്‍റെ മൊഴി ഇത് വരെ സി.ബി.ഐ രേഖപ്പെടുത്തിയിട്ടില്ല. വിചാരണ കോടതിയിൽ നിന്ന് സുപ്രീം കോടതി റിപ്പോർട്ട് തേടി. ബലാത്സംഗ കേസിൽ വിചാരണ പൂർത്തിയാക്കാൻ എത്ര ദിവസം കൂടി വേണമെന്ന് അറിയിക്കണമെന്ന് പറഞ്ഞ സുപ്രീം കോടതി, വിചാരണ നീതിപൂർവവും വേഗത്തിലും നടത്തണമെന്നും നിർദ്ദേശിച്ചു. വിചാരണ 45 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാൻ സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇത് നീട്ടണമെന്ന് പ്രതിയായ ബി.ജെ.പി നേതാവ് കുൽദീപ് സിംഗ് സെൻഗർ കോടതിയിൽ ആവശ്യപ്പെട്ടു. തുടർന്നാണ് കേസിൽ വിചാരണ കോടതിയിൽ നിന്ന് സുപ്രീം കോടതി റിപ്പോർട്ട് തേടിയത്. ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.