സര്‍വ്വകലാശാലയിലെ വിസി മാര്‍ ഇനി മുതല്‍ കുലഗുരു; രാജസ്ഥാനില്‍ നിയമം പാസ്സാക്കി

Jaihind News Bureau
Friday, February 21, 2025

സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ ഇനിമുതല്‍ ‘കുലഗുരു’ എന്ന് അറിയപ്പെടും. പ്രോ-വൈസ് ചാന്‍സലര്‍ ഇനിമുതല്‍ പ്രതികുലഗുരുവായിരിക്കും. സര്‍വ്വകലാ ശാലാ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി ബിജെപി നേതൃത്വം നല്‍കുന്ന രാജസ്ഥാന്‍ സര്‍ക്കാരാണ് പുതിയ നിയമം കൊണ്ടുവരുന്നത് . സര്‍വ്വകലാശാലയുടെ ഹിന്ദി വ്യവഹാരങ്ങളില്‍ കുലഗുരു , പ്രതികുലഗുരു എന്നീ വാക്കുകള്‍ ഉപയോഗിക്കാന്‍ നിര്‍ദ്ദേശിക്കുന്നതാണ് ഈ നിയമം. അംഗീകാരം കിട്ടിക്കഴിഞ്ഞാല്‍, രാജസ്ഥാനിലെ 30-ലധികം സര്‍വകലാശാലകളില്‍ ഇതു ബാധകമാകും .

പ്രതിപക്ഷത്തിന്റെ എതിര്‍പ്പു മറികടന്നാണ് പുതിയ തീരുമാനങ്ങള്‍ നിയമസഭയില്‍ കൊണ്ടുവന്നിരിക്കുന്നത് . രാജസ്ഥാന്‍ നിയമസഭയുടെ നടന്നുകൊണ്ടിരിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ ബില്‍ പാസാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേവലമായ പേരു മാറ്റങ്ങള്‍ക്കു പകരം, പ്രവര്‍ത്തന രീതി മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ ടികാ റാം ജൂലി പറഞ്ഞു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടിയാണ് പേരുമാറ്റങ്ങള്‍ നടത്തുന്നതെന്നും ‘സര്‍വകലാശാലകളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിലാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നന്നും അദ്ദേഹം പറഞ്ഞു.

‘ വിദ്യാഭ്യാസസംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി നയങ്ങള്‍ മാറ്റേണ്ട സമയത്താണ് സര്‍ക്കാര്‍ പേരുകള്‍ മാറ്റുന്നത് .സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ അവര്‍ നിയമിക്കുന്നതാവട്ടെ അനുഭവപരിചയമില്ലാത്ത വിസികളെയാണ് . ഈ സ്ഥാപനങ്ങള്‍ ചെയ്യേണ്ട ഗവേഷണം അവര്‍ നടത്തുന്നുണ്ടോ എന്നാണ് സര്‍ക്കാര്‍ അന്വേഷിക്കേണ്ടത്. ടികാ റാം ജൂലി പറഞ്ഞു

എന്നാല്‍ പുതിയ തീരുമാനങ്ങളെ ന്യായീകരിക്കുകയാണ് ബിജെപി. ‘ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവയ്പ്പ്’ എന്നാണ് ബിക്കാനീറിലെ മഹാരാജ ഗംഗാ സിംഗ് സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ മനോജ് ദീക്ഷിത് ഈ മാറ്റത്തെ വിശേഷിപ്പിച്ചത്. പുരാതന കാലം മുതല്‍ ഇന്ത്യയില്‍ ഗുരു-ശിഷ്യ പരമ്പര നിലനില്‍ക്കുന്നത് നോക്കുമ്പോള്‍, വൈസ് ചാന്‍സലര്‍, പ്രോ-വൈസ് ചാന്‍സലര്‍ എന്നീ പേരുകള്‍ മാറ്റാനുള്ള തീരുമാനം ഉചിതമാണ് എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ നിര്‍ദ്ദേശം പുതിയതല്ല. മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളിലും രാജ്യത്തുടനീളമുള്ള നിരവധി സര്‍വകലാശാലകളിലും ഇത് ഇതിനകം നിലവിലുണ്ട്. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഒരു ഗുരുവിനു കീഴില്‍ പഠിക്കുമ്പോള്‍, അതിനെ ഒരു ഗുരുകുലം എന്നാണ് വിളിച്ചിരുന്നത്, അതിന് ഒരു കുലഗുരുവും ഉണ്ടായിരുന്നു എന്നതാണ് ഈ പേരുമാറ്റത്തിനു പി്ന്നിലെ ആശയം.’