സാക്ഷരതാ മിഷനില്‍ നിയമന വിവാദം; ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ മാനദണ്ഡങ്ങള്‍ മറികടന്ന് ഡയറക്ടറുടെ പിഎയാക്കി

Jaihind Webdesk
Tuesday, July 6, 2021

തിരുവനന്തപുരം : സാക്ഷരത മിഷനിലെ അനധികൃത നിയമനം വിവാദത്തില്‍. സാക്ഷരതാ മിഷന്‍ ഡയറക്ടറുടെ പിഎ നിയമനം ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് ആക്ഷേപം.  സാക്ഷരതാമിഷനില്‍ ഓഫീസ് അറ്റൻഡന്‍റ് കം കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിൽ പ്രവർത്തിക്കുന്നയാളെയാണ് ഡയറക്ടർ പി.എസ് ശ്രീകല  പിഎയായി നിയമിച്ചത്.  പ്രതിമാസം  5000 രൂപ സ്പെഷ്യൽ അലവൻസും അനുവദിച്ചു.

അനധികൃതമായി പിഎ പോസ്റ്റ്‌ സൃഷ്ടിച്ച്  അധിക വേതനം നൽകിയതു വഴി  ലക്ഷങ്ങളാണ് ചെലവഴിച്ചത്. മലയാളം ഡാറ്റ എൻട്രി പോലും അറിയാത്ത ഇയാൾക്ക് സാക്ഷരത മിഷനിൽ എങ്ങനെ ഓഫീസ് അറ്റൻഡന്‍റ്  കം കമ്പ്യൂട്ടർ ഓപ്പറേറ്റർ ജോലി ലഭിച്ചെന്നും ചോദ്യംഉയരുന്നു.  ഡയറക്ടർക്ക് അനുകൂലമായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തുകയാണ് ഇയാളുടെ ജോലിയെന്നും ആക്ഷേപം ഉയരുന്നുണ്ട്.

16 കോടി വാർഷിക ഗ്രാൻഡ് മാത്രം ഉള്ള സ്ഥാപനത്തിൽ സെക്രട്ടേറിയറ്റിൽ നിന്നും ഡെപ്യൂട്ടി സെക്രട്ടറി റാങ്കിൽ 1. 25 ലക്ഷം ശമ്പളത്തിൽ രണ്ട് ഉദ്യോഗസ്ഥർ ഡെപ്യൂട്ടേഷനില്‍ ഉണ്ട്. ഫിനാൻസ് ഓഫീസർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിലാണ് ഇവരുടെ പ്രവർത്തനം. പ്രോഗ്രാം ഓഫീസർ എന്ന പേരിൽ ഡെപ്യൂട്ടേഷനില്‍ ജോലിനോക്കുന്നയാൾക്ക് 80000 രൂപയാണ് വേതനം. മുൻ കാലങ്ങളിൽ ഈ വലിയ തസ്തികകളിൽ കരാർ അടിസ്ഥാനത്തിലായിരുന്നു നിയമനം നടത്തിയിരുന്നത്.