ഞെട്ടലും ലജ്ജയും; ഐക്യരാഷ്ട്രസഭയിലെ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ പ്രിയങ്കഗാന്ധി

Jaihind Webdesk
Saturday, October 28, 2023

ഗാസയില്‍ സമാധാനം പുലരണമെന്ന് ആവശ്യപ്പെട്ടുള്ള ഐക്യരാഷ്ട്ര സഭയുടെ പ്രമേയത്തിലെ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന ഇന്ത്യയുടെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഐസിസി അംഗം പ്രിയങ്ക ഗാന്ധി രംഗത്ത്. യുഎന്‍ പ്രമേയത്തിലെ ഇന്ത്യന്‍ നിലപാട് ഞെട്ടപ്പിക്കുന്നതും ലജ്ജിപ്പിക്കുന്നതുമെന്നാണ് പ്രിയങ്ക ഗാന്ധി പ്രതികരിച്ചത്. രാജ്യമെന്ന നിലയില്‍ ഇന്ത്യ ഇതുവരെ നേടിയ എല്ലാ പുരോഗതികള്‍ക്കും എതിരാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടെന്നും അവര്‍ അഭിപ്രായപ്പെട്ടു. കണ്ണിന് പകരം കണ്ണ് എന്ന നിലപാട് ലോകത്തെ അന്ധരാക്കുമെന്ന മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍ ആമുഖമായി കുറിച്ചുകൊണ്ട് സമൂഹമാധ്യമമായ എക്‌സിലൂടെയാണ് പ്രിയങ്ക ഗാന്ധി പ്രതികരിച്ചത്.

പ്രിയങ്കയുടെ വാക്കുകള്‍

നമ്മുടെ രാജ്യം അഹിംസയുടെയും സത്യത്തിന്റെയും തത്ത്വങ്ങളാല്‍ സ്ഥാപിതമായതാണ്. നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികള്‍ അവരുടെ ജീവന്‍ ബലിയര്‍പ്പിച്ച തത്ത്വങ്ങള്‍, ഈ തത്വങ്ങളാണ് നമ്മുടെ ദേശീയതയെ നിര്‍വചിക്കുന്ന ഭരണഘടനയുടെ അടിസ്ഥാനം. അന്താരാഷ്ട്ര സമൂഹത്തിലെ അംഗമെന്ന നിലയില്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെ നയിച്ച ധാര്‍മിക ധൈര്യത്തെയാണ് ഇത് പ്രതിനിധീകരിക്കുന്നത്. മനുഷ്യരാശിയുടെ നന്മക്കും നീതിക്കുമായുള്ള എല്ലാ നിയമങ്ങളും കാറ്റില്‍ പറക്കുമ്പോളും, ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണം, വെള്ളം, വൈദ്യസഹായം, ആശയവിനിമയം, വൈദ്യുതി എന്നിവ വിച്ഛേദിക്കപ്പെടുമ്പോഴും ആയിരക്കണക്കിന് പുരുഷന്മാരും സ്ത്രീകളും കുട്ടികളും പലസ്തീനില്‍ ഉന്മൂലനം ചെയ്യപ്പെടുമ്പോഴും ഒരു നിലപാട് സ്വീകരിക്കാതിരിക്കാന്‍ ഇന്ത്യക്ക് എങ്ങനെയാണ് സാധിക്കുക. ഗാസയില്‍ വെടിനിര്‍ത്തലിന് വേണ്ടിയുള്ള യു എന്‍ പ്രമേയം വരുമ്പോള്‍ ഇന്ത്യ നിശ്ശബ്ദമായിരിക്കുന്നത് എങ്ങനെയാണ്. നമ്മുടെ രാജ്യം ഒരു രാഷ്ട്രമെന്ന നിലയില്‍ ഇക്കാലം വരെ നേടിയ എല്ലാ പുരോഗതികള്‍ക്കും എതിരായ നിലപാടാണ് ഇക്കാര്യത്തില്‍ കേന്ദ്രം സ്വീകരിച്ച വോട്ടെടുപ്പ് ബഹിഷ്‌കരണം.