
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അനുകൂല തരംഗമാണ് നിലനില്‍ക്കുന്നതെന്നും ജനങ്ങള്‍ യു.ഡി.എഫിനെ അധികാരത്തില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുവെന്നും കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം കെ. മുരളീധരന്‍. സി.പി.എമ്മിന് തിരഞ്ഞെടുപ്പില്‍ വലിയ ആശയദാരിദ്ര്യം നേരിടുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുരളീധരന്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. ദേശീയപാത തകര്‍ന്ന സംഭവത്തില്‍ മുഖ്യമന്ത്രി ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുകയാണ്. കോടികളുടെ ഫ്‌ലെക്‌സ് വെച്ച് പ്രചാരണം നടത്തിയ മുഖ്യമന്ത്രി ഇപ്പോള്‍ ഉത്തരവാദിത്തമില്ലെന്ന് പറയുന്നത് സ്വയം ചെറുതാകുന്നതിന് തുല്യമാണ്. ഈ വിഷയത്തില്‍ സംസ്ഥാനത്തിനും കേന്ദ്രത്തിനും തുല്യ ഉത്തരവാദിത്തമാണുള്ളതെന്നും, അശാസ്ത്രീയ നിര്‍മ്മാണമാണ് തകര്‍ച്ചയ്ക്ക് കാരണമെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി. താന്‍ കഴിവ് കെട്ട മുഖ്യമന്ത്രിയാണെന്ന് പിണറായി വിജയന്‍ സ്വയം തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം നഗരസഭയിലെ ഭരണപരമായ വീഴ്ചകളെയും അദ്ദേഹം വിമര്‍ശിച്ചു. നഗരസഭയിലെ സി.പി.എമ്മിന്റെ എല്ലാ അഴിമതിക്കും കൂട്ടുനിന്നത് ബി.ജെ.പിയാണ്. ബി.ജെ.പിയും സി.പി.എമ്മും ഒരു ‘കൂട്ട് മുന്നണി’യായി പ്രവര്‍ത്തിക്കുകയായിരുന്നു. സ്വര്‍ണ്ണക്കൊള്ള, സര്‍ക്കാരിന്റെ സ്വജനപക്ഷപാതം, അഴിമതി, കേന്ദ്രവുമായുള്ള കൂട്ടുകച്ചവടം എന്നിവയാണ് ഈ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയമായത്. മേയറെ പ്രചാരണ രംഗത്ത് പോലും ഇറക്കാതെയും സീറ്റ് നിഷേധിച്ചതിലൂടെയും സി.പി.എമ്മിന്റെ ഭരണപരാജയം വ്യക്തമാണെന്നും കെ. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.