കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ സമരം യു.ഡി.എഫ് ഏറ്റെടുക്കും: പ്രതിപക്ഷ നേതാവ്, കനിവ് ചികിത്സാ ധനസഹായം വിതരണം ചെയ്തു

Jaihind Webdesk
Thursday, April 20, 2023

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ സമരം യു.ഡി.എഫ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.  കെ.എസ്.ആര്‍.ടി.സിയില്‍ ടിക്കറ്റ് വരുമാനം കൂടിയിട്ടും ശമ്പളം നല്‍കില്ലെന്ന നിലപാട് ജീവനക്കാരോടുള്ള വെല്ലുവിളിയാണ്. മറ്റെല്ലാ ചെലവുകളും കഴിഞ്ഞ ശേഷം ശമ്പളം നല്‍കിയാല്‍ മതിയെന്ന സമീപനമാണ് കെ.എസ്.ആര്‍.ടി.സിയും സര്‍ക്കാരും സ്വീകരിക്കുന്നത്. ഇത് അംഗീകരിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കന്‍റോണ്‍മെന്‍റ്  ഹൗസില്‍ നടന്ന ചടങ്ങില്‍ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫ്രണ്ട് (റ്റി.ഡി.എഫ്) കെ.എസ്.ആര്‍.ടി.സി തൊഴിലാളികള്‍ക്കായി ഏര്‍പ്പെടുത്തിയ കനിവ് ചികിത്സാ ധനസഹായ വിതരണം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

രണ്ട് ലക്ഷം കോടി മുടക്കി വരേണ്യവര്‍ഗത്തിന് വേണ്ടി സില്‍വര്‍ ലൈന്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ സാധാരണക്കാരുടെ പൊതുഗതാഗത സംവിധാനമായ കെ.എസ്.ആര്‍.ടി.സിയെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ടി.ഡി.എഫ് പ്രസിഡന്‍റ്  എം. വിന്‍സെന്‍റ്  എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വി.ഡി പ്രേമരാജന്‍, ഇ. മാണിക്കന്‍, എ.കെ രാജീവന്‍, എന്നിവര്‍ക്ക് പ്രതിപക്ഷ നേതാവ് ആദ്യ ധനസഹായം കൈമാറി. സംസ്ഥാന ഓര്‍ഗനൈസിംങ് സെക്രട്ടറിമാരായ എസ്.കെ മണി, ശ്രീകുമാര്‍, തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡന്‍റ്  എസ്.ജി രാജേഷ്, സൗത്ത് ജില്ലാ സെക്രട്ടറി പി. സന്തോഷ്, നോര്‍ത്ത് ജില്ലാ സെക്രട്ടറി ദീപു ശിവപ്രസാദ്, നോര്‍ത്ത് ജില്ലാ പ്രസിഡന്‍റ്  എസ്.ഷിബു, സൗത്ത് ജില്ലാ ട്രഷറര്‍ ബി.എസ് പ്രവീണ്‍, പാലക്കാട് ജില്ലാ ട്രഷറര്‍ സരുണ്‍ ദേവ് എന്നിവര്‍ പങ്കെടുത്തു.