ശബരിമലയില്‍ സര്‍ക്കാര്‍ പ്രശ്നങ്ങള്‍ വഷളാക്കി: യു.ഡി.എഫ്

Jaihind Webdesk
Sunday, November 4, 2018

ശബരിമലയിൽ സർക്കാർ അനാവശ്യ തിടുക്കം കാട്ടിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫിന്‍റേത് പക്വമായ നിലപാടാണെന്ന് കെ.സി വേണുഗോപാൽ എം.പി പറഞ്ഞു. ആലപ്പുഴയിൽ യു.ഡി.എഫ് വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു ഇരു നേതാക്കളും.

ശബരിമല വിഷയത്തിൽ കോടതി വിധി കൂടിയാലോചനകൾ ഇല്ലാതെ നടപ്പാക്കി സർക്കാർ പ്രശ്‌നങ്ങൾ വഷളാക്കിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ചരിത്രത്തെ വളച്ചൊടിക്കാൻ സി.പിഎം ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒളിച്ചുകളി നടത്തുന്നുവെന്ന് ചടങ്ങിൽ സംസാരിച്ച കെ.സി വേണുഗോപാൽ എം.പി പറഞ്ഞു. ശബരിമല വിഷയത്തില്‍ യു.ഡി.എഫ് സ്വീകരിച്ചത് പക്വമായ നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ, ഡി.സി.സി. പ്രസിഡന്‍റ് എം.ലിജു, മുസ്ലിം ലീഗ് നേതാക്കളായ സയിദ് സാദിക്കലി ശിഹാബ് തങ്ങൾ, പി.എ സലിം, കേരള കോൺഗ്രസ് ജേക്കബ് ലീഡർ അനൂപ് ജേക്കബ്, ഫോർവേഡ് ബ്ലോക്ക് അഖിലേന്ത്യാ സെക്രട്ടറി ജി ദേവരാജൻ തുടങ്ങി നിരവധി പേര്‍ യോഗത്തില്‍ പങ്കെടുത്തു.