കരിമണല്‍ കടത്ത്; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു

Jaihind Webdesk
Wednesday, January 16, 2019

ഹരിപ്പാട്: വ്യാജ പാസ് ഉപയോഗിച്ച് ലോറിയില്‍ കടത്തിയ കരിമണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടികൂടി. പോലീസിന്റെ മൗനാനുവാദത്തോടെ കൃത്യമായ രേഖകളില്ലാതെ കടത്തികൊണ്ടു പോകാന്‍ ശ്രമിച്ച കരിമണല്‍ ലോറികളാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹരിപ്പാടുവെച്ച് തടഞ്ഞത്.
പ്രതിഷേധം ശക്തമായതോടെ അഞ്ച് ലോറി കരിമണല്‍ പോലീസ് പിടിച്ചെടുക്കുകയും കേസെടുക്കുകയും ചെയ്തു. വൈകുന്നേരം ഹരിപ്പാട് ഡാണാപാടിയിലാണ് സംഭവം. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പോലീസ് നടത്തിയ വാഹന പരിശോധനയില്‍ അഞ്ച് ടോറസ് ലോറികളെ പിടിച്ചുവെങ്കിലും അളവില്‍ കൂടുതല്‍ സാധനമുണ്ടെന്ന് പറഞ്ഞ് പെറ്റിയടിച്ച് വിടാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയം ഇതുവഴി വന്ന ഡിസിസി ജനറല്‍ സെക്രട്ടറി വി. ഷുക്കൂര്‍ ഇത് ചോദ്യം ചെയ്തു. കടല്‍മണലാണെന്നും പൂഴിയാണെന്നും പറഞ്ഞ് പോലീസ് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചെങ്കിലും കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയതോടെ പോലീസും കുഴങ്ങി. പിന്നീട് ലോറിയില്‍ കരിമണലാണെന്നും 25 ടണ്‍ ഭാരം അനുവദിച്ചിട്ടുള്ള ലോറിയില്‍ 52 കയറ്റിയെന്നും കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ഇവ കൊണ്ടു പോകുന്നതിനുള്ള പാസും ഇല്ല.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ഡി സി സി പ്രസിഡന്റ് എം ലിജു. ജില്ലാ പോലീസ് മേധാവിയുമായി ബന്ധപ്പെട്ടു. ലോറി ഉടമകള്‍ക്കെതിരെ കേസക്ടുക്കണമെന്നാവശ്യപ്പെട്ടു. പിന്നീട് കരീലകങ്ങര സ്റ്റേഷനിലേക്ക് ലോറികള്‍ മാറ്റി.