ലക്ഷദ്വീപ് സന്ദര്‍ശനം : യുഡിഎഫ് എംപിമാരെ വിലക്കിയ നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളി ; വിഷയം പാര്‍ലമെന്‍റില്‍ ഉന്നയിക്കുമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി

തിരുവനന്തപുരം:  യുഡിഎഫ് എംപിമാരുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് അനുമതി നല്‍കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് സംഘത്തിന്‍റെ ഏകോപന ചുമതലയുളള എന്‍.കെ പ്രേമചന്ദ്രന്‍ എം.പി.  എം.പിമാരായ ബെന്നി ബെഹനാന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, എന്‍.കെ.പ്രേമചന്ദ്രന്‍, എം.കെ. രാഘവന്‍, ഹൈബി ഈഡന്‍ എന്നിവര്‍ക്ക് ലക്ഷദ്വീപ് സന്ദര്‍ശിക്കാനുള്ള അനുമതി ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. 31നാണ് യാത്ര നിശ്ചയിച്ചിരുന്നത്. യാത്രാനുമതിയ്ക്കുളള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി കവരത്തി കളക്ടറോട് ടെലിഫോണിലൂടെയും ആവശ്യപ്പെട്ടു.

ലക്ഷദ്വീപില്‍ ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് നേരിട്ട് മനസ്സിലാക്കുവാന്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍ക്ക് പോലും അനുമതി നല്‍കാതിരിക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. സമാധാനപരമായി ജീവിതം നയിച്ചുകൊണ്ടിരുന്ന ദ്വീപ് നിവാസികളുടെ സ്വൈരജീവിതം നശിപ്പിക്കുന്ന അഡ്മിനിസ്ട്രേറ്ററുടെ ഏകാധിപത്യ നിലപാടുകള്‍ തിരുത്തേണ്ടതാണ്. ജനപ്രതിനിധികളെയും ജില്ലാ പഞ്ചായത്തുള്‍പ്പെടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും വിശ്വാസത്തിലെടുക്കാതെ അടിച്ചേല്പിക്കുന്ന ഭരണപരിഷ്കാരങ്ങള്‍ പിന്‍വലിക്കണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു. പാര്‍ലമെന്‍റ് അംഗങ്ങള്‍ക്ക് അനുമതി നല്‍കാത്തതുള്‍പ്പെടെ ലക്ഷദ്വീപ് വിഷയം പാര്‍ലമെന്‍റില്‍ ഉന്നയിക്കുമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. പറഞ്ഞു.

Comments (0)
Add Comment