പ്രവാസികൾക്കൊപ്പം യു ഡി എഫ്; 15 ന് തിരുവനന്തപുരത്ത് ഗ്ലോബല്‍ പ്രവാസി വെര്‍ച്വല്‍ മീറ്റ്

Jaihind News Bureau
Sunday, July 5, 2020

തിരുവനന്തപുരം : പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനും മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസത്തിന് പദ്ധതികള്‍ തയ്യാറാക്കുന്നതിനുമായി യു.ഡി.എഫിന്‍റെ നേതൃത്വത്തില്‍ ജൂലൈ 15 ന് ഗ്ലോബല്‍ പ്രവാസി വെര്‍ച്വല്‍ മീറ്റ് തിരുവനന്തപുരത്ത് വച്ച് നടത്തുമെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ ബെന്നി ബഹനാന്‍ അറിയിച്ചു.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ അദ്ധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം കൂടിയ യു.ഡി.എഫ്. യോഗത്തില്‍ മീറ്റ് നടത്തുന്നതിനായി എം.എം.ഹസ്സന്‍ കണ്‍വീനറായി സമിതിക്ക് രൂപം നല്‍കി. പ്രതിപക്ഷ ഉപനേതാവ് ഡോ. എം. കെ.മുനീര്‍, വി.ഡി. സതീശന്‍ എം.എല്‍.എ., എന്‍.കെ. പ്രേമചന്ദ്രന്‍ എംപി, മോന്‍സ് ജോസഫ് എം.എല്‍.എ., സി.പി.ജോണ്‍, ജി. ദേവരാജന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. ഗള്‍ഫ് മേഖലയിലെ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ പ്രമുഖവ്യക്തികള്‍, പ്രവാസി സംരംഭകര്‍, സംഘടനകള്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരാണ് വെര്‍ച്വല്‍ മീറ്റില്‍ പങ്കെടുക്കുക.