യുഎഇ സമ്പദ് വ്യവസ്ഥയില്‍ ഉണര്‍വ് ; തൊഴിലാളികളെ വെട്ടിക്കുറയ്ക്കുന്നത് കുറഞ്ഞു ; കൊവിഡ് വാക്‌സിനേഷനന്‍ തുടങ്ങി ; വിമാനയാത്രകള്‍ക്ക് തിരക്കേറി

B.S. Shiju
Monday, December 14, 2020

ദുബായ് : യുഎഇയില്‍ കൊവിഡ് വാക്‌സിനേഷനന്‍ ആരംഭിച്ചതോടെ, തൊഴില്‍ വിപണി കൂടുതല്‍ സ്ഥിരത കൈവരിക്കുന്നതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച ആദ്യ സൂചനകള്‍ ലഭിച്ചു തുടങ്ങി. ദുബായിയുടെ സമ്പദ് വ്യവസ്ഥയിലും ഇത് വലിയ മാറ്റങ്ങള്‍ വരുത്തുമെന്ന്, ഐ എച്ച് എസ് റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

യുഎഇയില്‍ കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചതോടെ, ആളുകളുടെ മൊബിലിറ്റി വര്‍ദ്ധിപ്പിക്കുമെന്ന് , ഈ മേഖലയിലെ ഗവേഷണ വിദഗ്ധര്‍ പറയുന്നു. അതിനാല്‍, കൊവിഡ് വാക്സിനുകളുടെ വിതരണത്തില്‍, രാജ്യം പ്രധാന ഗുണഭോക്താക്കളായി മാറുകയാണ്. ഇതുവഴി, തൊഴില്‍ വിപണി കൂടുതല്‍ സ്ഥിരത കൈവരിക്കുന്നതായും ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കി. രാജ്യത്തെ വിമാനത്താവളങ്ങളില്‍ തിരക്ക് കൂടിയതും, വിദേശ യാത്രക്കാരുടെ ഉയര്‍ന്ന വരവും ഇതാണ് വ്യക്തമാക്കുന്നത്.

ദുബായ് എമിറേറ്റിലെ പ്രധാന മേഖലകളായ യാത്ര, ടൂറിസം, വ്യാപാരം, ഹോസ്പിറ്റാലിറ്റി, റീട്ടെയില്‍, റിയല്‍ എസ്റ്റേറ്റ് എന്നിവയ്ക്കും ഇതിന്‍റെ പ്രയോജനം ലഭിക്കും. കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍, നേരത്തെ സമ്പദ് വ്യവസ്ഥയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയിരുന്നു. രാജ്യത്തെ കമ്പനികളില്‍ തൊഴിലാളികളെ വെട്ടിക്കുറയ്ക്കുന്ന പ്രവണത നവംബര്‍ മാസം മുതല്‍ കുറഞ്ഞുവെന്നും ഐ എച്ച് എസ് മാര്‍ക്കറ്റ് റിസര്‍ച്ച് പുറത്തുവിട്ട പുതിയ കണക്ക് വെളിപ്പെടുത്തി. ഇതോടെ, കൊവിഡ് വാക്‌സിനേഷന്‍, ആരോഗ്യ കാര്യത്തില്‍ മാത്രമല്ല, വിപണിയിലും ശുഭാപ്തിവിശ്വാസം പുനഃസ്ഥാപിക്കാന്‍ തുടക്കം കുറിച്ചിരിക്കുകയാണ്.