സുപ്രീം കോടതി പൊളിക്കാൻ ഉത്തരവിട്ട മരടിലെ ഫ്ലാറ്റുകളിൽ രണ്ടെണ്ണം ഇന്ന് പൊളിക്കും. എച്ച് ടു ഒ, ആൽഫാ സെറീൻ ഫ്ലാറ്റുകളാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ ഇന്ന് പൊളിക്കുക. ഇതുമായി ബന്ധപ്പെട്ട് രാവിലെ 8 മണി മുതൽ വൈകുന്നേരം 4 മണിവരെ മരടിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഫ്ലാറ്റുകള്‍ക്ക് 200 മീറ്റര്‍ പരിധിയില്‍ പ്രവേശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
തീരപരിപാലന നിയമം ലംഘിച്ചാണ് ഫ്ലാറ്റുകളുടെ നിർമാണമെന്ന് കണ്ടെത്തിയതോടെയാണ് പൊളിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. രാവിലെ 11 മണിക്ക് ഹോളി ഫെയ്ത്ത് എച്ച് ടു ഒ ഫ്ലാറ്റും തുടർന്ന് മറ്റൊരു ഫ്ലാറ്റായ ആൽഫ സെറീനും പൊളിക്കും.പൊതുജനങ്ങള്‍ക്കുള്ള മുന്നറിയിപ്പായി നാല് സൈറനുകള്‍ മുഴങ്ങും. രാവിലെ പത്തരയ്ക്ക് ആദ്യ സൈറൺ മുഴങ്ങും. ഫ്ലാറ്റിന് പുറത്തുള്ള റോഡുകളിലെല്ലാം ഈ സമയം ഗതാഗതം നിയന്ത്രിക്കും. കുണ്ടന്നൂര്‍-തേവര പാലത്തിലൂടെയും ഈ സമയം മുതല്‍ വാഹനങ്ങള്‍ കടത്തിവിടില്ല. 10.55ന് രണ്ടാം സൈറണും 10.59 ന് മൂന്നാം സൈറണും മുഴങ്ങും. തൊട്ടുപിന്നാലെ സ്ഫോടനം നടക്കും. 9 സെക്കന്‍റുകള്‍ കൊണ്ട് ഫ്ളാറ്റ് സമുച്ചയം പൂർണമായും തകരുമെന്നാണ് വിദഗ്ധ സംഘം അറിയിച്ചിരിക്കുന്നത്.
സ്ഫോടനത്തിന് പിന്നാലെ വിദഗ്ധ സംഘം എത്തി സുരക്ഷിതമെന്ന് ഉറപ്പായാല്‍ നാലാമത്തെ സൈറണും മുഴക്കും. പിന്നാലെ ആല്‍ഫാ സെറീന്‍റെ ഇരട്ട ടവറുകള്‍ പൊളിക്കും. പത്ത് സെക്കന്‍റില്‍ ഫ്ലാറ്റ് സമുച്ചയം നിലംപൊത്തുമെന്നാണ് വിദഗ്ധരുടെ പക്ഷം. തുടർന്ന് ഉച്ചയോടെ ഗതാഗതം ഉള്‍പ്പെടെ എല്ലാം സാധാരണ നിലയിലേക്കെത്തിക്കാനാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.