മഹാരാഷ്ട്രയില്‍ നാലുനില കെട്ടിടം തകര്‍ന്ന് രണ്ട് മരണം; പതിനഞ്ചോളം പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി

Saturday, August 24, 2019

മഹാരാഷ്ട്ര: ഭിവാന്‍ഡിയിലെ ശാന്തിനഗറില്‍ നാലുനിലക്കെട്ടിടം തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു. മൂന്നുപേരെ രക്ഷപ്പെടുത്തി. കെട്ടിടത്തിനുള്ളില്‍ നിരവധി പേര്‍ കുടുങ്ങിയിട്ടുണ്ട്.

സിറാജ് അഹമ്മദ് അന്‍സാരി (23), അഖിബ് അന്‍സാരി (22) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. നാല് പേര്‍ക്ക് പരിക്കേറ്റു. പതിനഞ്ചോളം പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയെന്നാണ് സംശയിക്കപ്പെടുന്നത്. ദേശീയ ദുരന്ത നിവാരണ സേന എത്തി കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയ മൂന്നുപേരെ പുറത്തെടുത്തു. പരിക്കുകളോടെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്.

എട്ട് വര്‍ഷം മാത്രം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നുവീണത്. അനധികൃതമായി കെട്ടിയുയര്‍ത്തിയതാണ് കെട്ടിടമെന്ന് അധികൃതര്‍ പറയുന്നു. കെട്ടിടത്തില്‍ നിന്ന് 22 ഓളം കുടുംബങ്ങളെ വെള്ളിയാഴ്ച രാത്രി ഒഴിപ്പിച്ചിരുന്നതായും എന്നാല്‍ അനുമതിയില്ലാതെ കെട്ടിടത്തിനുള്ളില്‍ കയറിയവരാണ് അപകടത്തില്‍ പെട്ടതെന്നും മുനിസിപ്പല്‍ കോർപറേഷന്‍ അധികൃതര്‍ അറിയിച്ചു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.