ജാർഖണ്ഡിൽ പന്ത്രണ്ടുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു ; മൃതദേഹം കുറ്റിക്കാട്ടിൽ

Jaihind News Bureau
Saturday, October 17, 2020

ന്യൂഡല്‍ഹി: ജാർഖണ്ഡിൽ 12 വയസുകാരിയെ  ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ദുംക ജില്ലയിലെ രാംഗഡ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മൃതദേഹം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ട്യൂഷന് പോയ പെൺകുട്ടി തിരിച്ച് വരാൻ വൈകിയതിനെ തുടർന്ന് കുടുംബം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് പെൺകുട്ടിയെ കൊല ചെയ്തതായാണ് പ്രാഥമിക വിവരം.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും എസ്പി അമ്പർ ലക്ര പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് നിരവധി തെളിവുകൾ ലഭിച്ചതായും എസ്.പി വ്യക്തമാക്കി. കേസ് വേഗത്തിൽ അന്വേഷിക്കുന്നതിനായി കാതികുണ്ട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഏഴംഗ  പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.