തിരുവനന്തപുരം എയര്‍പോര്‍ട്ട്: സ്വകാര്യവത്കരണത്തിനെതിരെ രാജ്യസഭയില്‍ എ.കെ. ആന്റണിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് (വീഡിയോ കാണാം)

Jaihind Webdesk
Wednesday, July 24, 2019

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരിക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്ന് എ.കെ.ആന്റണി എം.പി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു

വിമാനത്താവളത്തിന്റെ പ്രവര്‍ത്തന നിയന്ത്രണം സംസ്ഥാന സര്‍ക്കാരിന് വിട്ടു നല്‍കണം

കൊച്ചി വിമാനാത്തവളം സ്വാകാര്യവത്ക്കരിച്ചെന്ന കേന്ദ്ര വ്യോമയാന മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ത്തി യു.ഡി.എഫ്, എല്‍.ഡി.എഫ് എം.പിമാര്‍

ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരിക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തന നിയന്ത്രണം വിട്ടുനല്‍കണമെന്ന കേരള സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയില്‍ ചോദ്യോത്തരവേളയിലാണ് എ.കെ.ആന്റണി ഈ ആവശ്യം ഉന്നയിച്ചത്.

”തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരിക്കുന്നതിനെതിരെ കേരള മുഖ്യമന്ത്രിയും എം.പിമാരും കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വിമാനത്താവളം സ്വാകാര്യ വത്ക്കരിക്കരുതെന്നതാണ് ശക്തമായ അഭിപ്രായം. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സംസ്ഥാന സര്‍ക്കാരിന് വിട്ടുനല്‍കണം. ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാന സര്‍ക്കാര്‍ കത്തു നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ എത്രയും വേഗം കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കണം”-എ.കെ.ആന്റണി ആവശ്യപ്പെട്ടു.

ചോദ്യത്തിന് മറുപടി പറഞ്ഞ കേന്ദ്രവ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി തിരുവനന്തപുരം വിമാനത്താവളത്തിന്റെ പ്രവര്‍ത്തന ചുമതല വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിയുടെ കത്ത് ലഭിച്ചിട്ടുണ്ടെന്ന് സ്ഥിതീകരിച്ചു. എന്നാല്‍ സ്വാകര്യവത്ക്കരണ കാര്യത്തില്‍ കേരളത്തിന് സമ്പുഷ്ടമായ ഒരു ചരിത്രമുണ്ടെന്നും 1990-കളില്‍ തന്നെ കൊച്ചിവിമാനത്താവളം സ്വകാര്യ വത്ക്കരിച്ചിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത് പ്രതിഷേധത്തിന് ഇടവരുത്തി. മന്ത്രിയുടെ പരാമര്‍ശം അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടിക്കാണ്ടി എ.കെ.ആന്റണി തന്നെ രംഗത്തുവന്നു. സര്‍ക്കാരിന് പ്രവര്‍ത്തന നിയന്ത്രണമുള്ള രീതിയിലാണ് വിമാനത്താവളത്തിന്റെ ഓഹരി ഘടന. സംസ്ഥാന മുഖ്യമന്ത്രിയായിരുന്നപ്പോള്‍ താന്‍ രണ്ടു തവണ വിമാനത്താവളത്തിന്റെ ചെയര്‍മാനായിരുന്ന കാര്യവും ആന്റണി ചൂണ്ടിക്കാട്ടി. സഭയിലുണ്ടായിരുന്ന ഇടത് എം.പിമാരും കേന്ദ്രമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരായ പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തെത്തി.

ഇതിനിടെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും കേന്ദ്ര മന്ത്രിയെ തിരുത്തി രംഗത്തെത്തി. താന്‍ കേന്ദ്രവ്യോമയാന മന്ത്രിയായിരിക്കുമ്പോഴാണ് വിമാനത്താവളത്തിന് അനുമതി നല്‍കിയതെന്നും കൊച്ചിയിലേത് സ്വാകാര്യ വിമാനത്താവളമല്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിലേത് ഒരു ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളമാണ്. കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് പ്രവാസികളുടെ സഹകരണത്തോടെ വിമാനത്താവളമെന്ന ആശയം രൂപപ്പെട്ടത്. ഭൂമി ഏറ്റെടുക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുമെന്നറിയിച്ചതിനെ തുടര്‍ന്നാണ് മാസങ്ങള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ വിമാനത്താവളത്തിന് അനുമതി നല്‍കിയതെന്നും ഗുലാം നബി ആസാദ് വിശദീരിച്ചു.  എന്നാല്‍ പ്രതിപക്ഷ അംഗങ്ങള്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടും പ്രസ്താവനയെ ന്യായീകരിക്കാന്‍ ശ്രമിച്ച ഹര്‍ദീപ് സിംഗ് പുരി തിരുവനന്തപുരം വിമാനത്താവള കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് അറിയിച്ചു.