മുത്തലാഖ് ബില്‍ അവതരിപ്പിക്കാനായില്ല, ബഹളം മൂലം രാജ്യസഭ പിരിഞ്ഞു

Monday, December 31, 2018

ന്യൂദല്‍ഹി: അണ്ണാ ഡി.എം.കെ അംഗങ്ങളുടെ കാവേരി വിഷയത്തിലെ ബഹളത്തില്‍ മുത്തലാഖ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല. ബഹളം ശമിക്കാതെ വന്നതോടെ സഭ ബുധനാഴ്ച വരെ പിരിഞ്ഞു. രാവിലെ സഭ ചേര്‍ന്നയുടന്‍ അണ്ണാ ഡിഎംകെ അംഗങ്ങള്‍ കാവേരി പ്രശ്നം ഉയര്‍ത്തി ബഹളം തുടങ്ങുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടു മണിക്ക് മുത്തലാഖ് ബില്‍ അവതരിപ്പിക്കാനിരിക്കെയായിരുന്നു തമിഴ്നാട് അംഗങ്ങളുടെ പ്രതിഷേധം. ബഹളത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ച സഭ വീണ്ടും ചേര്‍ന്നപ്പോഴും സ്ഥിതിയില്‍ മാറ്റമില്ലാത്തതിനെത്തുടര്‍ന്ന് പിരിയുകയായിരുന്നു.

കഴിഞ്ഞയാഴ്ചയില്‍ ലോക്സഭ പാസാക്കിയ ബില്ലാണ് രാജ്യസഭ പരിഗണിക്കാനിരുന്നത്. നിലവിലെ രൂപത്തില്‍ ബില്‍ പാസാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. സഭയില്‍ നിര്‍ബന്ധമായും ഹാജരാവാന്‍ കോണ്‍ഗ്രസും ബിജെപിയും അംഗങ്ങള്‍ക്കു വിപ്പ നല്‍കിയിരുന്നു.

മുത്തലാഖ് ബില്‍ ചര്‍ച്ച ചെയ്യുംമുമ്പ് സെലക്ട് കമ്മിറ്റി പരിശോധിക്കണമെന്ന് കോണ്‍ഗ്രസ് സഭാ നേതാവ് ഗുലാംനബി ആസാദ് ആവശ്യപ്പെട്ടു. സുപ്രധാനമായ നിയമനിര്‍മാണം ആയതിനാല്‍ സെലക്ട് കമ്മിറ്റി പരിശോധിക്കണം എന്ന ആവശ്യമാണ് ആസാദ് മുന്നോട്ടുവച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിലെ ഡെറിക് ഒബ്രയിനും ഇക്കാര്യം ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം സര്‍ക്കാര്‍ തള്ളി. പ്രശ്നത്തെ രാഷ്ട്രീയവത്കരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ഭരണപക്ഷം കുറ്റപ്പെടുത്തി.