മോട്ടോർ വാഹന നിയമ ഭേദഗതി രാജ്യസഭയും പാസാക്കി

Jaihind News Bureau
Thursday, August 1, 2019

റോഡുകളിലെ നിയമലംഘനത്തിന് കർശനനടപടികൾ ശുപാർശ ചെയ്യുന്ന മോട്ടോർ വാഹന നിയമ ഭേദഗതി രാജ്യസഭയും പാസാക്കി. വാഹനാപകടങ്ങൾ തടയാൽ കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ് ബിൽ. റോഡ് സുരക്ഷ മെച്ചപ്പെടുത്താനും അഴിമതി ഇല്ലാതാക്കാനും ബിൽ ലക്ഷ്യമിടുന്നു.

സഭയിൽ ബില്ലിനെ 108പേർ പിന്തുണച്ചപ്പോൾ 13 പേർ എതിർപ്പ് പ്രകടിപ്പിച്ചു. പിഴശിക്ഷയിൽ പത്തിരട്ടിയോളം വർധനയാണ് ബില്ലിൽ നിർദേശിക്കുന്നത്. വാഹനാപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് രണ്ടരലക്ഷം രൂപയും മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ചു ലക്ഷം രൂപയും ലഭ്യമാക്കും. പുതിയ സാങ്കേതിക വിദ്യകൾക്കനുസരിച്ചാണ് ബില്ലിന്റെ രൂപകൽപ്പന.

ഹെൽമറ്റ്, സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനം ഓടിച്ചാൽ 1000 രൂപ പിഴ (നിലവിൽ 100), മദ്യപിച്ച് വാഹനമോടിച്ചാൽ 10,000 രൂപ (നിലവിൽ 2000 രൂപ), അമിത വേഗത്തിൽ വാഹനം ഓടിച്ചാൽ 5000 രൂപ (നിലവിൽ 500), ആംബുലൻസ്, ഫയർഎൻജിൻ, പോലീസ് കൺട്രോൾ റൂം വാഹനങ്ങൾക്ക് യാത്രാ തടസമുണ്ടാക്കിയാൽ 10,000 രൂപ പിഴ, ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ 5000 രൂപ, വാഹനം ഓടിച്ച് മൊബൈൽ ഫോൺ ഉപയോഗം, അശ്രദ്ധമായ ്രൈഡവിംഗ് പിഴ 5000 രൂപ, അമിതഭാരം കയറ്റിയാൽ 20,000 രൂപ, പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചാൽ രക്ഷിതാവിന് 25,000 രൂപ പിഴയും മൂന്ന് വർഷം തടവും ലൈസൻസ് റദ്ദാക്കലും.

ബിൽ പ്രകാരം ഡ്രൈവിങ് ലൈസൻസിന്‍റെ കാലാവധി പുതുക്കാനുള്ള സമയ പരിധി ഒരു മാസം മുതൽ ഒരു വർഷം വരെയാകും. അപകടങ്ങൾക്ക് കാരണമാകുന്ന റോഡുകളുടെ തെറ്റായ രൂപകൽപന, ശോചനീയാവസ്ഥ എന്നിവയ്ക്ക് കോൺട്രാക്ടർമാർ, നഗരാധികൃതർ എന്നിവർ ഉത്തരവാദികളാകും.