അമേരിക്കന്‍ ചികിത്സക്ക് ചെലവായ തുക തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ശേഷം കൈമാറിയാല്‍ മതിയെന്ന് മുഖ്യമന്ത്രി

അമേരിക്കന്‍ ചികിത്സക്ക് ചെലവായ തുക തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞ് കൈമാറിയാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ തീരുമാനം. അതേസമയം, ഈ വര്‍ഷമാദ്യം അമേരിക്കന്‍ ചികില്‍സക്ക് ചെലവായ 29.82 ലക്ഷം രൂപ ഏപ്രില്‍ 16 നാണ് മുഖ്യമന്ത്രിക്ക് പൊതുഭരണ വകുപ്പില്‍ നിന്ന് അനുവദിച്ചത്.

കഴിഞ്ഞ തവണ അമേരിക്കന്‍ ചികില്‍സക്ക് ചെലവായ തുക തന്നെയാണ് ഇപ്രാവശ്യത്തെ ചികില്‍സക്കും ചെലവായത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ചെലവായ തുക മാറി കിട്ടണമെന്ന് അപേക്ഷ കൊടുത്താല്‍ എതിരാളികള്‍ അത് വിവാദമാക്കും എന്ന പേടിയാണ് ചെലവായ തുക ഉടന്‍ മാറണ്ടന്ന തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയേ പ്രേരിപ്പിച്ചത്. ഏപ്രില്‍ 24 ന് അമേരിക്കയില്‍ പോയ മുഖ്യമന്ത്രി മടങ്ങി വന്നത് ഇന്നലെ പുലര്‍ച്ചെയാണ്. ഭാര്യ കമല , പേഴ്‌സണല്‍ അസിസ്റ്റന്റ് സുനിഷ് എന്നിവര്‍ അമേരിക്കന്‍ യാത്രയില്‍ മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു. ഇവരുടെ ചെലവും സര്‍ക്കാരാണ് വഹിക്കുന്നത്. തുടര്‍ ചികില്‍സക്കായി 3 മാസം കഴിഞ്ഞ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് വീണ്ടും പോകും. സി പി എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും അര്‍ബുദ ചികില്‍സക്കായി അമേരിക്കയിലാണ്. മുഖ്യമന്ത്രി ചികില്‍സക്കായി 3 പ്രാവശ്യം അമേരിക്കയില്‍ പോയെങ്കിലും എന്താണ് അസുഖമെന്നത് വെളിപ്പെടുത്തിയിട്ടില്ല.

അതേസമയം, തൃക്കാക്കരയില്‍ നാളെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വോട്ട് തേടി മുഖ്യമന്ത്രി എത്തും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിവാദം ഉണ്ടായതില്‍ മുഖ്യമന്ത്രി അതൃപ്തനാണ്. മന്ത്രി പി രാജീവിനോട് മുഖ്യമന്ത്രി നീരസം പ്രകടപ്പിച്ചിരുന്നു. വിശ്രമം എടുക്കണമെന്നാണ് അമേരിക്കയിലെ ഡോക്ടര്‍മാര്‍ മുഖ്യമന്ത്രിയെ അറിയിച്ചിരിക്കുന്നത്. പരമാവധി രണ്ടോ മൂന്നോ വേദികളില്‍ പങ്കെടുത്ത് തിരുവനന്തപുരത്തേക്ക് തിരിച്ചെത്താനാണ് മുഖ്യമന്ത്രിയുടെ തീരുമാനം.

Comments (0)
Add Comment