ടി.പി. വധക്കേസ്: നാലാം പ്രതി ടി കെ രജീഷിന് വീണ്ടും പരോള്‍; മൂന്ന് മാസത്തിനിടെ രണ്ടാം തവണ

Jaihind News Bureau
Friday, December 19, 2025

 

കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ നാലാം പ്രതി ടി.കെ. രജീഷിന് വീണ്ടും പരോള്‍ അനുവദിച്ചു. 20 ദിവസത്തെ പരോളാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. പരോള്‍ കാലാവധി പൂര്‍ത്തിയാക്കി ജനുവരി 10-ന് തിരികെ ജയിലിലെത്തണം.

മൂന്ന് മാസത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് രജീഷിന് പരോള്‍ ലഭിക്കുന്നത്. കൊടും കുറ്റവാളികള്‍ക്ക് തുടര്‍ച്ചയായി പരോള്‍ അനുവദിക്കുന്നതിനെതിരെ നേരത്തെ തന്നെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ജയില്‍ ചട്ടങ്ങള്‍ പാലിച്ചുകൊണ്ടാണ് പരോള്‍ നല്‍കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

ആര്‍.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു രജീഷ്. എന്നാല്‍ സുരക്ഷാ കാരണങ്ങളാലും മറ്റും പ്രതികളെ വിവിധ ജയിലുകളിലേക്ക് മാറ്റിയിരുന്നു.