സംസ്ഥാന ബഡ്ജറ്റ് നിരാശപ്പെടുത്തിയെങ്കിലും ടോം ജെ.വട്ടയിൽ സന്തോഷത്തിലാണ്… കലാസൃഷ്ടി അംഗീകരിക്കപ്പെട്ടതില്‍..

Jaihind News Bureau
Saturday, February 8, 2020

കേരള ജനതയെ ആകെ സംസ്ഥാന ബഡ്ജറ്റ് നിരാശപ്പെടുത്തിയെങ്കിലും തൊടുപുഴ കല്ലൂർക്കാട് സ്വദേശി ടോം ജെ.വട്ടയിൽ ഏറെ സന്തോഷത്തിലാണ്.  സംസ്ഥാന ബജറ്റിന്‍റെ ഉള്ളടക്കമല്ല മറിച്ച് പുറംചട്ടമാത്രമാണ് പുതുമയുള്ളതെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ഉൾപ്പെടെ ആരോപണം. എന്നാല്‍ പുറം ചട്ടയില്‍ കണ്ട ഗാന്ധിവധത്തിന്‍റെ നിമിഷത്തിന് പുതിയ ദൃശ്യാനുഭവം നല്‍കിയ ചിത്രകാരന്‍ ആ ചിത്രം അംഗീകരിക്കപ്പെട്ടതിലുള്ള സന്തോഷത്തിലാണ്. 

മൂന്നാം വയസുമുതല്‍ ഛായങ്ങളും ഛായക്കൂട്ടുകളും മനസില്‍കുടിയിരുത്തിയ ഒരു ചിത്രകാരന്‍. ബംഗാള്‍, ബറോഡ, തുടങ്ങിയ സ്ഥലങ്ങളില്‍ ചിത്രകലാപഠനത്തിന് ശേഷം അധ്യാപകനായപ്പോള്‍ അതല്ല പാതയെന്ന് തിരിച്ചറിഞ്ഞ് മുഴുവന്‍ സമയവും ചിത്രകലക്കായി ജീവിതം നീക്കവച്ചിരിക്കുകയാണ് ടോം ജെ. വട്ടയില്‍.  ഇടുക്കി തൊടുപുഴയ്ക്ക് സമീപം കല്ലൂർകാട് എന്ന ചെറുഗ്രാമത്തിലിരുന്ന് ഇന്ത്യയാകെ അറിയപ്പെടുമ്പോഴും ടോമിന് അമിതാഹ്ലാദമല്ല മറിച്ച് കലാകാരന്‍റെ കാലികമായ ഇടപെടലിലെ അംഗീകാരമായി അദ്ദേഹം കാണുന്നു.  

നിരവധി പഠനങ്ങള്‍ക്കും ചരിത്രകാരന്‍മാരുമായുള്ള സംവദിക്കലിനും ശേഷമാണ് രാഷ്ട്രപിതാവ് വധിക്കപ്പെടുന്ന ആ രംഗത്തിന് പുതിയ ദൃശ്യാവിഷ്കാരമുണ്ടാക്കിയത്.

ജൂലൈ മാസം വരച്ച ഗാന്ധിവധം ഇന്ത്യയാകെ സോഷ്യല്‍ മീഡിയ വഴി വൈറലായിരുന്നു. എങ്കിലും അത് ടോമിന്‍റെ സൃഷ്ടിയാണെന്ന് സമീപവാസികൾ പോലും അറിഞ്ഞിരുന്നില്ല. കച്ചവടതാല്‍പര്യം എന്നതിലുപരി ചിത്രകലയെ അത്രത്തോളം നെഞ്ചിലേറ്റിയ കലാകാരനാണ് ടോം ജെ. വട്ടയില്‍.

https://youtu.be/AAGWco6MEJw