തൃശൂരില്‍ യു.ഡി.എഫ് വിജയിക്കും : ടി.എന്‍ പ്രതാപന്‍

Jaihind Webdesk
Wednesday, May 15, 2019

തൃശൂരില്‍ യു.ഡി.എഫ് വിജയിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ടി.എന്‍ പ്രതാപന്‍. മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നും പ്രതാപന്‍ പറഞ്ഞു. 25,000 വോട്ടിന് മിനിമം തൃശൂരില്‍ വിജയിക്കും. പറയാത്ത കാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും തന്നോട് അതിനെപ്പറ്റി മാധ്യമങ്ങളാരും ചോദിച്ചില്ലെന്നും പ്രതാപന്‍ പറഞ്ഞു. തൃശൂരില്‍ വിജയം ഉറപ്പില്ലെന്ന രീതിയിലുള്ള പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും അത് നിഷേധിക്കുകയാണെന്നും ടി.എന്‍.പ്രതാപന്‍ പറഞ്ഞു. കെപിസിസി യോഗത്തില്‍ എല്ലാം പൊസിറ്റീവായ കാര്യങ്ങളാണ് ചര്‍ച്ച ചെയ്തത്. തൃശൂരില്‍ 100 ശതമാനവും യു.ഡി.എഫ് ജയിക്കുന്ന മണ്ഡലമാണെന്നും ആരും പ്രതീക്ഷിക്കാത്ത വലിയ ഭൂരിപക്ഷമുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. ബാക്കി കാര്യങ്ങള്‍ 23-ആം തീയതി ബോധ്യപ്പെടും.

ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സിന് അനുകൂലമായ സാഹചര്യമാണുള്ളത്. ഇന്ത്യയില്‍ മതേതര സര്‍ക്കാര്‍ വേണമെന്ന് ആഗ്രഹമുള്ളവര്‍ കോണ്‍ഗ്രസിന് തന്നെ വോട്ടുചെയ്യുമെന്നും ടി.എന്‍ പ്രതാപന്‍ പറഞ്ഞു. മികച്ച സ്ഥാനാര്‍ത്ഥിയാണ് ആലത്തൂരിലേതെന്നും, മണ്ഡലം കോണ്‍ഗ്രസ് തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചാലക്കുടിയില്‍ ബെന്നിബെഹനാന്‍ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.