തൃക്കാക്കര വിധിയെഴുതി: ജനഹിതമറിയാന്‍ ഇനി രണ്ടുനാള്‍; തികഞ്ഞ ആത്മവിശ്വാസത്തില്‍ യുഡിഎഫ്

Jaihind Webdesk
Tuesday, May 31, 2022

തൃക്കാക്കര : ഒരു മാസത്തോളം നീണ്ട നാടിളക്കിയുള്ള പ്രചരണത്തിനൊടുവിൽ തൃക്കാക്കര വിധിയെഴുതിയപ്പോൾ മുന്നണികൾ തികഞ്ഞ വിജയ പ്രതീക്ഷയിൽ. കേരള രാഷ്ട്രീയത്തിൽ നിർണായകമായ തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം വെള്ളിയാഴ്ച അറിയാം.

കഴിഞ്ഞ ഒരു മാസത്തോളം രാഷ്ട്രീയ കേരളത്തിന്‍റെ തലസ്ഥാനമായിരുന്നു തൃക്കാക്കര. വിവാദങ്ങളും വികസനവും വർഗീയതയും എല്ലാം പ്രചാരണ രംഗത്ത് തീയും പുകയും ഉയർത്തി. ആ ആവേശച്ചൂട് പോളിംഗിലും പ്രതിഫലിച്ചു. ഇനി കൂട്ടലും കിഴിക്കലുമായി രാഷ്ട്രീയ ഗണിത സമവാക്യങ്ങൾ രൂപപ്പെടുത്തുന്ന തിരക്കിലാകും മുന്നണി നേതൃത്വങ്ങൾ.

സ്ഥാനാർത്ഥി നിർണയം മുതൽ മുന്നിൽ കയറാനായി എന്നാണ് യുഡിഎഫ് വിലയിരുത്തൽ. പി.ടിയുടെ പ്രിയ പത്നി ഉമ തോമസ് അതിവേഗം മണ്ഡലത്തിന്‍റെ മനസ് തൊട്ടെടുത്തു. എൽഡിഎഫിൽ പതിവിന് വിപരീതമായി സ്ഥാനാർത്ഥി തീരുമാനം തന്നെ കീറാമുട്ടിയായി. അരുണ്‍ കുമാറിന് വേണ്ടി ചുമരെഴുതിയ സിപിഎം അണികളെ നിരാശരാക്കിയാണ് ജോ ജോസഫിനെ ശസ്ത്രക്രിയാ മുറിയിൽ നിന്നിറക്കി സിപിഎം സ്ഥാനാര്‍ത്ഥി കുപ്പായം നൽകിയത്. സാധാരണ പ്രവർത്തകരുടെ മനസിനേറ്റ മുറിവുണക്കാൻ ഡോക്ടർക്ക് കഴിഞ്ഞുമില്ല.

കെ റെയിൽ കുറ്റിയിൽ രാഷ്ട്രീയ വിവാദം ചുറ്റിക്കറങ്ങുമ്പോഴാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്നത്. കുറ്റിയിടൽ നിർത്തി സ്വപ്ന പദ്ധതിയിൽ നിന്ന് സർക്കാർ ഒരു ചുവട് പിന്നോട്ട് വെച്ചു. എന്നാൽ സർവേയുടെ പേരിൽ നാടിന്‍റെ സമാധാനാന്തരീക്ഷം തകർത്തതിന് യുക്തിസഹമായ മറുപടിയുണ്ടായില്ല. വികസന ചർച്ചയിൽ കൊച്ചിയുടെ മാറിയ മുഖത്തിന്‍റെ തിളക്കം മുൻ യുഡിഎഫ് സർക്കാരുകളുടെ സംഭാവനയെന്ന് സ്ഥാപിക്കാൻ മുന്നണിക്കായി. കെപിപിസിസി അധ്യക്ഷൻ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലെ ഒരു വാചകം വിവാദമാക്കാനുള്ള എൽഡിഎഫ് ശ്രമവും പാളി. ഇതോടെ സിപിഎം നേതാക്കളുടെ മുൻകാല അധിക്ഷേപങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞു.

നടിയെ ആക്രമിച്ച കേസിൽ അതിജീവിത സർക്കാരിനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജിയും തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് ചർച്ചകളിൽ നിറഞ്ഞു നിന്നു. സിപിഎം നേതാക്കൾ നടിക്കെതിരെ രൂക്ഷമായ പദപ്രയോഗങ്ങളാൽ നടത്തിയ വിമർശനം സ്ത്രീ സുരക്ഷയിലെ ഇരട്ത്താപ്പ് വ്യക്തമാക്കുന്നതായിരുന്നു. മണ്ഡലത്തിലെ വർഗീയ ധ്രുവീകരണത്തിന് മന്ത്രിമാർ അടക്കമുള്ളവർ ശ്രമിച്ചു എന്ന പ്രതിപക്ഷ ആരോപണത്തിനും മറുപടിയുണ്ടായില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് നടത്തിയ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വോട്ടായി മാറുമെന്നാണ് എൽഡിഎഫ് പ്രതീക്ഷ. അതേസമയം ട്വന്‍റി ട്വന്‍റി വോട്ടുകളിൽ എല്ലാ മുന്നണികൾക്കും പ്രതീക്ഷയുണ്ട്. തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടത്തിൽ താര പ്രചാരകരെ ഇറക്കി ബിജെപിയും കളം കൊഴുപ്പിച്ചു. പി.സി ജോർജിന്‍റെ അറസ്റ്റും ജയിലും എല്ലാം എൻഡിഎ ആയുധമാക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പ് തിരയടങ്ങിയ തൃക്കാക്കരയിൽ പ്രതീക്ഷകളുടെ മണൽപ്പരപ്പിൽ കാത്തിരിക്കുകയാണ് സ്ഥാനാർത്ഥികളും മുന്നണി നേതാക്കളും. തൃക്കാക്കര ഫലം കേരള രാഷ്ട്രീയത്തിൽ ഉയർത്തുന്ന അലയൊലികൾ ചെറുതായിരിക്കില്ല.