പശുവിനെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ബീഹാറില്‍ മൂന്നുപേരെ തല്ലിക്കൊന്നു

Jaihind Webdesk
Friday, July 19, 2019

കന്നുകാലികളെ മോഷ്ടിച്ചെന്ന് ആരോപിച്ച് ബിഹാറില്‍ മൂന്ന് പേരെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. സരണ്‍ ജില്ലയില്‍ ഇന്ന് രാവിലെയാണ് സംഭവം. കാലികളെ മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ബനിയാപൂര്‍ ഗ്രാമത്തിലെ ആളുകളാണ് മൂന്ന് പേരെ പിടികൂടിയത്. അയല്‍ഗ്രാമത്തില്‍ നിന്നുളളവരായിരുന്നു മൂന്ന് പേരും. ഇവരെ ഗ്രാമവാസികള്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. വൈകിയെത്തിയ പൊലീസ് തുടര്‍ന്ന് അക്രമികളെ പിടിച്ചു മാറ്റി മൂന്ന് പേരേയും ആശുപത്രിയിലെത്തിച്ചു. എന്നാല്‍ മൂന്ന് പേരും മരണപ്പെടുകയായിരുന്നു.
മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. ഈ മാസം ആദ്യം ത്രിപുരയിലും ആള്‍ക്കൂട്ട ആക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. 36കാരനായ ബുദ്ദി കുമാര്‍ ആയിരുന്നു കൊല്ലപ്പെട്ടത്.