‘പി.ജയരാജനോടും ഷംസീര്‍ എം.എല്‍.എയോടും കളിച്ചാല്‍ വിവരം അറിയും’; സി.ഒ.ടി നസീര്‍ വധശ്രമക്കേസ് അന്വേഷണ ഉദ്യോഗസ്ഥന് വധഭീഷണി

Friday, June 14, 2019

കണ്ണൂര്‍: സി.ഒ.ടി നസീര്‍ വധശ്രമക്കേസ് അന്വേഷിക്കുന്ന സി.ഐ സി.കെ വിശ്വംഭരന് വധഭീഷണി. ഇന്നലെ വൈകീട്ടാണ് തലശ്ശേരി പൊലീസ് സ്റ്റേഷനില്‍ ഭീഷണിക്കത്ത് ലഭിച്ചത്. പി ജയരാജനോടും എഎന്‍ ഷംസീര്‍ എം.എല്‍.എയോടും കളിച്ചാല്‍ വിവരമറിയുമെന്നാണ് കത്തില്‍ പറയുന്നത്.

അതേസമയം നസീറിനെ ആക്രമിക്കാന്‍ ക്വട്ടേഷന്‍നല്‍കിയത് സി.പി.എം പ്രവര്‍ത്തകനും കുണ്ടുചിറ സ്വദേശിയുമായ പൊട്യന്‍ സന്തോഷെന്ന് അറസ്റ്റിലായ പ്രതികളുടെ മൊഴി. ഒളിവിലുള്ള സന്തോഷിനായി അന്വേഷണം ഊര്‍ജിതമാക്കി. പൊലീസ് പ്രതിപ്പട്ടികയില്‍ പേരുചേര്‍ത്ത മൂന്ന് സി.പി.എം പ്രവര്‍ത്തകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശേരി കോടതി തള്ളി.

അക്രമത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികളില്‍ നിന്ന് മൊഴി രേഖപ്പെടുത്തുകയും തെളിവെടുപ്പുമായി മുന്നോട്ട് പോവുകയുമാണ് അന്വേഷണ സംഘം. നസീറിനെ അക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് കുണ്ടുചിറ സ്വദേശിയായ പൊട്യന്‍ സന്തോഷാണെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. തലശ്ശേരി ഏരിയ കമ്മറ്റി ഓഫിസ് മുന്‍ സെക്രട്ടറിയായ എംകെ രാജേഷ് എന്നയാള്‍ സന്തോഷുമായി നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.