ആര്യാടന്‍ മുഹമ്മദിന് അന്തിമോപചാരം അർപ്പിക്കാന്‍ ആയിരങ്ങള്‍… പ്രിയ നേതാവിന് പ്രവർത്തകരുടെ കണ്ണീർ പ്രണാമം

Jaihind Webdesk
Sunday, September 25, 2022

മലപ്പുറം: അന്തരിച്ച പ്രിയ നേതാവ് ആര്യാടന്‍ മുഹമ്മദിന് അന്തിമോപചാരം അർപ്പിക്കാന്‍ നൂറുകണക്കിന് ആളുകളാണ് നിലമ്പൂരിലെ വീട്ടിലും മലപ്പുറം ഡിസിസി യിലും എത്തിയത്. അധികാരസ്ഥാനങ്ങളോ പദവികളോ ഇല്ലാതിരുന്നിട്ടും ആര്യാടൻ മുഹമ്മദിന്‍റെ ജനകീയതയാണ് അണമുറിയാത്ത ജനാവലി സാക്ഷ്യപ്പെടുത്തിയത്.

മലപ്പുറത്തിന്‍റെ സുൽത്താൻ എന്നാണ് ആര്യാടൻ മുഹമ്മദിനെ വിശേഷിപ്പിച്ചിരുന്നത്. സുൽത്താന്‍റെ വിയോഗം പ്രവർത്തകരെ വികാരാധീനരാക്കി. മരണവാർത്ത പുറത്തറിഞ്ഞതുമുതൽ നിലമ്പൂരിലെ തറവാട് വീട്ടിലേക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകർ ഒഴുകിത്തുടങ്ങി. രാവിലെ പത്തരയോടെ മൃതദ്ദേഹം കോഴിക്കോട് ആശുപത്രിയിൽ നിന്നും വീട്ടിലെത്തിച്ചു. കക്ഷിരാഷ്ട്രീയ ഭേദമന്യേ നൂറുകണക്കിന് ആളുകളാണ് വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചത്. മന്ത്രി, ജനപ്രതിനിധി തുടങ്ങിയ സ്ഥാനങ്ങളിൽ ഉണ്ടായിരുന്നപ്പോഴും അല്ലാത്തപ്പോഴും ആര്യാടന്‍റെ വീട്ടിൽ പല ആവശ്യങ്ങൾക്കായി നിത്യേന എത്തിയിരുന്നത് നൂറുകണക്കിന് പാർട്ടി പ്രവർത്തകരും അല്ലാത്തവരുമായിരുന്നു. പ്രിയ നേതാവിനെ അവസാനനോക്ക് കാണാൻ ആര്യാടനുമായി ഹൃദയബന്ധമുള്ള ആയിരങ്ങളാണ് വീട്ടിലേക്ക് ഒഴുകിയെത്തിയത്.

പന്ത്രണ്ട് മണിയോടെ രാഹുൽ ഗാന്ധി വീട്ടിലെത്തി ആര്യാടൻ മുഹമ്മദിന് അന്തിമോപചാരം അർപ്പിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി, കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനർ എം.എം ഹസൻ, മുന്‍ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ആന്‍റോ ആന്‍റണി എംപി, ടി സിദ്ദിഖ്, അബ്ദുൾ വഹാബ്, അബ്ദു സമദ് സമദാനി, പി.സി ചാക്കോ, കെ.ടി ജലീൽ, ശ്രേയാംസ് കുമാർ തുടങ്ങി നിരവധി നേതാക്കൾ വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.

മുൻ നിശ്ചയിച്ചപ്രകാരം മൂന്ന് മണിയോടെ വീട്ടിലെ പൊതുദർശനം അവസാനിപ്പിച്ച് ഡിസിസിയിലേക്ക് വിലാപയാത്രയായി മൃതദേഹം കൊണ്ടുപോയി. നാലരയോടെ ഡിസിസിയിലെത്തിച്ച് മൃതദേഹം പൊതുദർശനത്തിന് വെച്ചു. 1969 ൽ മലപ്പുറം ഡിസിസിയുടെ ആദ്യ അധ്യക്ഷനായി ചുമതലയേറ്റ് 11 വർഷക്കാലം അമരത്തിരുന്ന, തന്‍റെ കർമ്മമണ്ഡലമായ, താൻ കെട്ടിപ്പടുത്ത ഡിസിസി ഓഫീസിലേക്ക് അവസാനമായി ആര്യാടൻ മുഹമ്മദ് നിശ്ചേഷ്ടനായി കടന്നുവന്നപ്പോൾ നെഞ്ച് വിങ്ങുന്ന മുദ്രാവാക്യം വിളികളോടെ വികാരനിർഭരമായാണ് മലപ്പുറത്തിന്‍റെ സുൽത്താനെ പ്രവർത്തകർ എതിരേറ്റത്.

മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി ജോസഫ്, കെ ബാബു, ബെന്നി ബഹനാൻ, പി.സി വിഷ്ണുനാഥ്, ജെയ്സൺ ജോസഫ് തുടങ്ങിയ നിരവധി നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും ഡിസിസി യിലെത്തി അന്തിമോപചാരം അർപ്പിച്ചു. എ.കെ ആന്‍റണിക്ക് വേണ്ടിയും അന്തിമോപചാരം അർപ്പിച്ചു. കോൺഗ്രസ് വികാരം നെഞ്ചോടുചേർത്ത് പ്രവർത്തിച്ച, തികഞ്ഞ മതേതര വാദിയായ, സാധാരണക്കാരുടെ നേതാവായ പ്രിയ നേതാവ് ആര്യാടൻ മുഹമ്മദിന് കണ്ണീരോടെയാണ് ഡിസിസി വിട നൽകിയത്.