റമസാനിലെ ആദ്യ വെള്ളിയാഴ്ചയില്‍ UAE പള്ളികളില്‍ വിശ്വാസികളുടെ തിരക്ക്

B.S. Shiju
Friday, May 10, 2019

റമസാനിലെ ആദ്യ വെള്ളിയാഴ്ചയായ ഇന്ന് ഗള്‍ഫിലെ ആരാധനാലയങ്ങളില്‍ മലയാളികള്‍ ഉള്‍പ്പടെയുള്ള ആയിരകണക്കിന് വിശ്വാസികളെത്തി. ഖുര്‍ ആന്‍ പാരായണത്തിലും പ്രാര്‍ത്ഥനയിലും പ്രകീര്‍ത്തനങ്ങളിലും മുഴുകിയ വിശ്വാസികള്‍ ആദ്യ വെള്ളിയാഴ്ചയെ ഭക്തി സാന്ദ്രമാക്കി.

വിശ്വാസികളെ സംബന്ധിച്ച് ഏറ്റവും ശ്രേഷ്ഠമായ ദിവസങ്ങളില്‍ ഒന്നാണ് റമസാനിലെ ആദ്യ വെള്ളിയാഴ്ച. മാസങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായ മാസമായി റംസാനിനെയും ദിവസങ്ങളില്‍ ശ്രേഷ്ഠമായി വെള്ളിയാഴ്ചയെയുമാണ് കണക്കാക്കുന്നത്. അതിനാല്‍ ഗള്‍ഫില്‍ കടുത്ത വേനല്‍ച്ചൂടിലും റംസാനിലെ ആദ്യവെള്ളിയാഴ്ചയ്ക്ക് ഏറെ പ്രതീക്ഷകളോടെയാണ് വിശ്വാസികള്‍ എത്തിയത്. മിക്ക പള്ളികളിലും വിശ്വാസികളുടെ വന്‍ തിരക്ക് മൂലം പള്ളികള്‍ നിറഞ്ഞു കവിഞ്ഞു.

റംസാനിലെ കഠിന വ്രതാനുഷ്ടങ്ങള്‍ മൂലം , വിശ്വാസികള്‍ക്ക് പാപമുക്തിയും നരകമോചനവും ലഭിക്കുമെന്നാണ് വിശ്വാസം. ഇതിനിടെ വ്യാഴാഴ്ച രാത്രി നടന്ന തറാവീഹ് നമസ്‌ക്കാരത്തിനും മിക്കയിടത്തും വന്‍ ജനക്കൂട്ടം എത്തി. തുടര്‍ന്ന് സുബ്ഹ് നമസ്‌കാരം വരെ ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകിയവരും നിരവധിയാണ്. റംസാനിലെ ആദ്യ വെള്ളിയാഴ്ചയില്‍ വിവിധ സ്ഥലങ്ങളിലായി സമൂഹ നോമ്പുതുറകളും നടന്നു. ഇതോടൊപ്പം ഗള്‍ഫിലെ വിവിധ ലേബര്‍ ക്യാംപുകളിലും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഇഫ്താര്‍ വിരുന്നുകള്‍ നടന്ന് വരുന്നു.

https://www.facebook.com/jaihindtvmiddleeast/videos/2519095984984686/