സർവകലാശാലയുടെ ഫേസ്ബുക്ക് പേജ് ദുരുപയോഗം ചെയ്തവരെ സസ്പെൻഡ് ചെയ്യണം: സതീശന്‍ പാച്ചേനി

Jaihind News Bureau
Thursday, April 16, 2020

 

കണ്ണൂർ സർവ്വകലാശാലയുടെ ഫേസ്ബുക്ക് പേജിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അപമാനിക്കാൻ വേണ്ടി ബോധപൂർവ്വം തെറ്റായ കാര്യങ്ങൾ പോസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ ജോലിയിൽ നിന്നും അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്നും ഐ.ടി ആക്ട് പ്രകാരം കേസെടുക്കണമെന്നും കണ്ണൂര്‍ ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനി ആവശ്യപ്പെട്ടു.

സ്പ്രിങ്ക്ളർ ഇടപാടിൽ മുഖം നഷ്ടപ്പെട്ട ഭരണകൂടത്തിന്‍റെ തെറ്റുകൾ ന്യായീകരിക്കാനും സർക്കാറിന്‍റെ വീഴ്ചകളും തട്ടിപ്പും പൊതുസമൂഹത്തെ ബോധ്യപ്പെടുത്തിയ പ്രതിപക്ഷ നേതാവിനെ അപമാനിക്കാനും സർവ്വകലാശാലയുടെ ഔദ്യോഗിക സംവിധാനങ്ങൾ ഉപയോഗിച്ചത് ഗുരുതരമായ തെറ്റാണ്. രാഷ്ട്രീയ പക്ഷപാതിത്വം ജോലിയേക്കാൾ വലുതായി കരുതുന്ന സർവ്വകലാശാലയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ജോലി രാജിവെച്ച് എ.കെ.ജി സെന്‍ററിൽ സേവനം നടത്താൻ പോകുന്നതാണ് നല്ലതെന്നും അദ്ദേഹം പരിഹസിച്ചു.

കണ്ണൂർ സർവ്വകലാശാലയെ രാഷ്ട്രീയ ആവശ്യത്തിന് ദുരുപയോഗം ചെയ്യാൻ പരീക്ഷാ കൺട്രോളർ ഉൾപ്പെടെയുള്ള ഉത്തരവാദപ്പെട്ട ഉന്നത ഉദ്യോഗസ്ഥൻ കൂടി പങ്കാളിയായിട്ടുണ്ടെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും വിഡ്ഡി വേഷം കെട്ടുന്ന ഇത്തരം ഉദ്യോഗസ്ഥൻമാർ നാടിന്‍റെ ശാപമായി മാറാതെ സ്വയം രാജിവെച്ച് താല്പര്യമുള്ള ജോലിക്ക് പോകുന്നതാണ് നല്ലതെന്നും ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു.