കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കൊപ്പം കൂട്ടിരിപ്പുകാര്‍ വേണം; വിചിത്രനിര്‍ദേശവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, പിതാവിന് കൂട്ടിരുന്ന യുവാവിന് രോഗം

Jaihind News Bureau
Thursday, July 2, 2020

 

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കൊപ്പം കൂട്ടിരിപ്പുകാര്‍ വേണമെന്ന വിചിത്രനിര്‍ദേശവുമായി അധികൃതര്‍.  കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പിതാവിന് കൂട്ടിരുന്ന മകന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ്  വിവരങ്ങള്‍ പുറത്തുവന്നത്.

ആശുപത്രി രേഖകളില്‍ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും ഔദ്യോഗിക കണക്കുകളില്‍  ഉൾപ്പെടുത്തിയിട്ടില്ല. തനിക്ക് കൊവിഡ് സ്‌ഥിരീകരിച്ചെന്ന് ആശുപത്രി അധികൃതർ തന്നെയാണ് അറിയിച്ചതെന്ന് യുവാവ് വ്യക്തമാക്കി. ഇയാളുടെ പിതാവിനെ 18ാം തീയതിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  20ാം തീയതി പരിശോധന നടത്തിയതിനെ തുടര്‍ന്ന് പോസിറ്റീവ് ആയി കണ്ടെത്തിയതെന്നും ആശുപത്രി രേഖകളിൽ നിന്ന് വ്യക്തമാകുന്നു. എന്നാല്‍ രോഗം സ്ഥിരീകരിച്ച യുവാവിന്‍റെ  പിതാവിന് മുമ്പ് രോഗം വന്ന് നെഗറ്റീവ് ആയതാണെന്നും ഇതിനെ തുടര്‍ന്നാണ് കൂട്ടിരിപ്പുകാരനായി മകനെ അനുവദിച്ചതെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം.

അതേസമയം  വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ കുടുംബാംഗങ്ങളുമായി പോലും ബന്ധപ്പെടരുതെന്ന് നിര്‍ദേശിക്കുന്ന ആരോഗ്യവകുപ്പ് അധികൃതര്‍ തന്നെയാണ് രോഗവ്യാപനത്തിന് വഴിയൊരുക്കുന്ന ഇത്തരം നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്.