ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയുടെ നേതൃപദവി ഒഴിഞ്ഞു. പിൻഗാമിയെ തെരഞ്ഞെടുക്കുന്നതുവരെ അവർ പ്രധാനമന്ത്രിപദത്തിൽ തുടരും. പതിനൊന്നു സ്ഥാനാർഥി മോഹികളാണ് നിലവിലുള്ളത്. തിങ്കളാഴ്ച നോമിനേഷൻ സ്വീകരിച്ചുതുടങ്ങും.
ജൂലൈ അവസാനത്തോടെ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനാവുമെന്നാണു കരുതുന്നത്. ബ്രെക്‌സിറ്റ് നടപ്പാക്കാനുള്ള ചുമതല ഇനി പുതിയ പ്രധാനമന്ത്രിക്കാണ്. തെരേസാ മേ അവതരിപ്പിച്ച ബ്രെക്‌സിറ്റ് ബിൽ മൂന്നുതവണ പാർലമെൻറ് തള്ളിയിരുന്നു.
നാലാമത്തെ ബില്ലിനും എംപിമാരുടെ പിന്തുണ കിട്ടില്ലെന്നു വ്യക്തമായതിനെത്തുടർന്നു കഴിഞ്ഞമാസം തന്നെ രാജി പ്രഖ്യാപനം നടത്തിയിരുന്നു. ഇന്നലെ ഔദ്യോഗിമായി രാജിക്കത്ത് ബന്ധപ്പെട്ട പാർട്ടി കമ്മിറ്റിക്കു കൈമാറി. മേയുടെ പിൻഗാമിയാവാൻ ഏറെ സാധ്യത മുൻ വിദേശകാര്യമന്ത്രി ബോറീസ് ജോൺസനാണ്. ഇപ്പോഴത്തെ വിദേശകാര്യ മന്ത്രി ജറമി ഹണ്ട് ഉൾപ്പെടെയുള്ളവർ മത്സരരംഗത്തുണ്ട്.