ബന്ധു നിയമനം : മന്ത്രിയെ വെള്ളപൂശി സര്‍ക്കാര്‍; വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് തീരുമാനം

Jaihind Webdesk
Wednesday, March 6, 2019

KT-Jaleel-PK-Firoz

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍. യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിന്‍റെ പരാതിയില്‍ അന്വേഷണം വേണ്ടെന്നാണ് സര്‍ക്കാരിന്‍റെ തീരുമാനം. വിവരാവകാശ പ്രകാരം പി.കെ ഫിറോസിന് ലഭിച്ച മറുപടിയിലൂടെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാവുന്നത്.

മന്ത്രി കെ.ടി ജലീലിന്‍റെ ബന്ധു കെ.ടി അദീപിനെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ എം.ഡിയായി നിയമിച്ച നടപടിയില്‍ വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്ന തീരുമാനത്തിലാണ് സര്‍ക്കാര്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്. യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് ബന്ധുനിയമന വിവാദത്തില്‍ നേരത്തെ തന്നെ പരാതി നല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ എന്ത് നടപടി എടുത്തുവെന്ന വിവരം ലഭിച്ചിരുന്നില്ല. ഫിറോസ് വിജിലിന്‍സിന് നല്‍കിയ പരാതി ബന്ധപ്പെട്ട വകുപ്പിലേക്ക് കൈമാറിയിരുന്നു. ഇതില്‍ വകുപ്പ് വിജിലന്‍സിന് നല്‍കിയ മറുപടിയിലാണ് വിജിലന്‍സ് അന്വേഷണം വേണ്ടന്ന തീരുമാനമുള്ളത്. എന്നാല്‍ എന്ത് കാരണത്താലാണ് അന്വേഷണം വേണ്ടെന്നുള്ള നിലപാട് സ്വീകരിച്ചതെന്ന് പി.കെ ഫിറോസിന് വിവരാവകാശപ്രകാരം ലഭിച്ച മറുപടിയിലും വ്യക്തമാക്കുന്നില്ല.

മുമ്പ് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ ബന്ധു നിയമനത്തില്‍ ആരോപണവിധേയനായപ്പോള്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ബന്ധുനിയമനത്തില്‍ മന്ത്രിയുടെ ഇടപെടല്‍ പകല്‍ പോലെ വ്യക്തമായ സാഹചര്യത്തിലാണ് ഫിറോസ് വിജിലന്‍സിനെ സമീപിച്ചത്. അന്വേഷണമില്ലെന്ന മറുപടി ലഭിച്ചതോടെ പി.കെ ഫിറോസ് കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നാണ് സൂചന.