‘അർഹതയുണ്ടെന്ന് തോന്നിയാല്‍ ഇനിയും ചട്ടം ലംഘിക്കും’ ; വെല്ലുവിളിച്ച് മന്ത്രി കെ.ടി ജലീല്‍

Jaihind News Bureau
Sunday, October 20, 2019

മാർക്ക് ദാന വിവാദത്തില്‍ വെല്ലുവിളിയുമായി മന്ത്രി കെ.ടി ജലീല്‍. അർഹതയുണ്ടെന്ന് തോന്നിയാൽ ഇനിയും ചട്ടം ലംഘിക്കുമെന്നാണ് മന്ത്രി പറഞ്ഞു. വിദ്യാർത്ഥികളുടെ അവകാശം സംരക്ഷിച്ചെന്നും ജലീൽ ന്യായീകരിച്ചു. കോഴിക്കോട് മുക്കത്ത് നടന്ന ഒരു പൊതുപരിപാടിക്കിടെയായിരുന്നു മന്ത്രിയുടെ വിവാദ പരാമർശങ്ങൾ.

മാര്‍ക്ക് ദാനത്തില്‍ വാദങ്ങളെല്ലാം പൊളിഞ്ഞതോടെയാണ് പുതിയ ന്യായീകരണവുമായി കെ.ടി ജലീല്‍ രംഗത്തെത്തിയത്. താന്‍ മന്ത്രി മാത്രമല്ല, അധ്യാപകന്‍ കൂടിയാണെന്ന് പറഞ്ഞ കെ.ടി ജലീല്‍ വിദ്യാർത്ഥിയുടെ അവകാശം സംരക്ഷിക്കുകയാണ് താന്‍ ചെയ്തതെന്ന് വിശദീകരിച്ചു. അർഹതയുണ്ടെന്ന് തോന്നിയാല്‍ ഇനിയും ചട്ടം ലംഘിക്കുമെന്നും ജലീല്‍ പറഞ്ഞു.

അതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുക്കത്ത് മന്ത്രി കെ.ടി ജലീലിന് നേരെ കരിങ്കൊടി കാട്ടി. മന്ത്രി പങ്കെടുത്ത ചടങ്ങിന്‍റെ വേദിക്ക് പുറത്തായിരുന്നു പ്രതിഷേധം. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. യൂത്ത് ലീഗ് പ്രവർത്തകരും പ്രതിഷേധവുമായെത്തി.