‘പഴയ വിജയനെയും പേടിയില്ല, പുതിയ വിജയനെയും പേടിയില്ല’: മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Monday, February 27, 2023

തിരുവനന്തപുരം: ഭരണ-പ്രതിപക്ഷ പ്രതിഷേധങ്ങളെ തുടർന്ന് നിയമസഭാ നടപടികള്‍ ഇന്നത്തേക്ക് നിർത്തിവെച്ചു. അടിയന്തര പ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവിന്‍റെ പ്രസംഗം തടസപ്പെടുത്തിയ ഭരണകക്ഷി അംഗങ്ങളുടെ നിലപാടിനെതിരെ നടുത്തളത്തിൽ ഇറങ്ങി പ്രതിപക്ഷം പ്രതിഷേധിച്ചു. പ്രതിഷേധത്തിനിടെ ചർച്ചകൾ ഇല്ലാതെ ബില്ലുകൾ പാസാക്കി സ്പീക്കർ സഭാ നടപടികൾ ഇന്നത്തേക്ക് നിർത്തിവെച്ചു.

വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും നടുവിൽ നിയമസഭാ സമ്മേളനം രാവിലെപുനഃരാരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷ പ്രതിഷേധം സഭയിൽ അലയടിച്ചു തുടങ്ങി. സർക്കാരിനെതിരെ ശക്തമായ വിമർശനമുയർത്തുന്ന പ്ലക്കാർഡുകളുമായി എത്തിയ പ്രതിപക്ഷം സഭയിൽ പ്രതിഷേധമുയർത്തി. യുവ എംഎൽഎമാർ കറുപ്പ് വസ്ത്രം ധരിച്ച് സഭയിലെത്തി പ്രതിഷേധിച്ചു. ജനകീയ സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്ന സർക്കാരിന്‍റെ പോലീസ് ഭീകരതയ്ക്കെതിരെയുള്ള
അടിയന്തര പ്രമേയം ഷാഫി പറമ്പിൽ സഭയില്‍ അതരിപ്പിച്ചു.

നരേന്ദ്ര മോദി ഭരണത്തിന്‍റെ മലയാള പരിഭാഷയായി പിണറായി ഭരണം മാറ്റിയെന്നും മോദിയുടെ അതേ ഭാഷയാണ് പിണറായിക്കെന്നും ഷാഫി കുറ്റപ്പെടുത്തി. എല്ലാറ്റിനും നികുതി വർധിപ്പിച്ചിട്ട് സമരം ചെയ്യരുത് എന്ന് പറയാൻ ഞങ്ങൾ ആരുടെയും അടിമകളല്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

പഴയ വിജയനെയും പുതിയ വിജയനെയും പ്രതിപക്ഷത്തിന് ഭയമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. പോലീസ് ഇല്ലാത്ത അധികാരം പ്രയോഗിച്ച് നിയമവിരുദ്ധമായി കരുതൽ തടങ്കൽ നടത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കരുതൽ തങ്കടലിനെതിരെയുള്ള  എകെജിയുടെ ആത്മകഥ മുഖ്യമന്ത്രി വായിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ നേതാവിന്‍റെ പ്രസംഗം തടസപ്പെടുത്താൻ ഭരണപക്ഷം ആസൂത്രിത നീക്കം നടത്തിയതോടെ പ്രതിപക്ഷഅംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു പ്രതിപക്ഷ നേതാവിന്‍റെ പ്രസംഗം തടസപ്പെടുത്താതെ  ഭരണപക്ഷം മര്യാദ കാട്ടണമെന്ന് സ്പീക്കർ പല കുറിശാസന നൽകി. പ്രതിഷേധങ്ങൾ തുടർന്നതോടെ സ്പീക്കർ സഭ തൽക്കാലത്തേക്ക് നിർത്തിവെച്ചു. പിന്നീട് സഭ വീണ്ടും സമ്മേളിച്ചപ്പോഴും പ്രതിപക്ഷ നേതാവിന്‍റെ പ്രസംഗം ഭരണപക്ഷം തടസപ്പെടുത്തി.ഇതോടെ പ്രതിപക്ഷ പ്രതിഷേധവും ശക്തമായി. ഇതിനിടയിൽ ചില ബില്ലുകൾ ചർച്ചയില്ലാതെ പാസാക്കി സ്പീക്കർ സഭാ നടപടികൾ ഇന്നത്തേക്ക് നിർത്തിവെച്ചു.