സ്ത്രീപീഡന പരാതിയിലെ പ്രതിക്ക് സ്വൈര്യവിഹാരം, ചോദ്യം ചെയ്തയാള്‍ക്ക് ജയില്‍; പൊലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതിയുമായി യുവതി

Jaihind Webdesk
Friday, August 20, 2021

 

കൊല്ലം : കൊല്ലത്ത് സ്ത്രീ പീഡന കേസിൽ പൊലീസ് വിചിത്ര നടപടി സ്വീകരിച്ചതായി പരാതി. യുവതിയെ ആക്രമിച്ച ആളെ അറസ്റ്റ് ചെയ്യാതെ, അതിക്രമം ചോദ്യം ചെയ്തയാളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തതായാണ് പരാതി ഉയർന്നിരിക്കുന്നത്. ശക്തികുളങ്ങര പോലിസ് ഇരട്ടനീതി കാട്ടിയെന്ന പരാതിയുമായി യുവതി മുഖ്യമന്ത്രിയെ സമീപിച്ചു

സഹപ്രവര്‍ത്തകയെ കയറിപ്പിടിച്ചത് ചോദ്യം ചെയ്ത യുവാവിനെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ യുവതിയെ ആക്രമിച്ചയാളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഇതുവരെ തയാറായിട്ടുമില്ല. യുവതി പരാതി നല്‍കാന്‍ ഒരു ദിവസം വൈകിയെന്നാണ് പൊലിസിന്‍റെ വിചിത്ര ന്യായീകരണം.

ഇക്കഴിഞ്ഞ ശനിയാഴ്ച കേരള പ്രവാസി അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് ഹരിധരന്‍ എന്നയാള്‍ ഓഫീസിന് സമീപത്ത് വെച്ച്‌ തന്നെ കയറിപ്പിടിക്കുകയായിരുന്നു എന്നാണ് യുവതി പറയുന്നത്. ബഹളം കേട്ട് ഓടിയെത്തിയ അനന്തുവും ഹരിധരനും തമ്മില്‍ വാക്കേറ്റമുണ്ടായി. തൊട്ടടുത്ത ദിവസം തന്നെ യുവതി ഹരിധരനെതിരെ പോലിസില്‍ പരാതിയും നല്‍കി. എന്നാല്‍ യുവതിയുടെ പരാതിയില്‍ ചെറുവിരല്‍ അനക്കാന്‍ ശക്തികുളങ്ങര പോലിസ് തയാറായിട്ടില്ല. അതേസമയം അതിക്രമം ചോദ്യം ചെയ്ത അനന്തുവിനെതിരേ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുത്ത് ഒരു ദിവസം റിമാന്‍ഡ് ചെയ്ത് ജയിലലടയ്ക്കുകയും ചെയ്തു.