ഡ്രൈവര്‍മാര്‍, വീട്ടുജോലിക്കാര്‍ ഉള്‍പ്പടെ എല്ലാ തൊഴില്‍ പെര്‍മിറ്റുകളും യുഎഇ നിര്‍ത്തി

Jaihind News Bureau
Thursday, March 19, 2020

ദുബായ് : ഡ്രൈവര്‍മാര്‍, വീട്ടുജോലിക്കാര്‍ തുടങ്ങി ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശികള്‍ക്ക് അനുവദിച്ചിരുന്ന തൊഴില്‍ പെര്‍മിറ്റുകള്‍ യുഎഇ തല്‍ക്കാലം നിര്‍ത്തിവെച്ചു. മാര്‍ച്ച് 19 വ്യാഴാഴ്ച മുതല്‍ നിര്‍ത്തിവെയ്ക്കാന്‍ യുഎഇ മാനവിഭവശേഷി മന്ത്രാലയമാണ് തീരുമാനിച്ചത്. കൊറോണ ആശങ്കകളുടെ പശ്ചാത്തലത്തിലാണ് ഈ പ്രധാനപ്പെട്ട തീരുമാനം.

എന്നാല്‍, ദുബായ് വേള്‍ഡ് എക്സ്പോയുടെ ഭാഗമായുള്ള തൊഴിലാളികള്‍ക്കും, വര്‍ക്ക് പെര്‍മിറ്റുകള്‍ക്കും, ഈ വിലക്ക് ബാധകമല്ല. ഇതോടെ, ഇനിയുള്ള ദിവസങ്ങളില്‍ യാതൊരു വിധത്തിലുള്ള തൊഴില്‍ വീസകളും യുഎഇയില്‍ അനുവദിക്കുന്നതല്ല. ലോകമെങ്ങും പടരുന്ന കൊറോണ വൈറസിനെ നേരിടാനും, അതിന്‍റെ വ്യാപനം തടയാനും രാജ്യം സ്വീകരിക്കുന്ന പ്രതിരോധ, മുന്‍കരുതല്‍ നടപടികള്‍ ശക്തിപ്പെടുത്തുന്നതിനായാണ് ഈ തീരുമാനം. ഇതിനായി, യുഎഇ ദേശീയ അടിയന്തര, പ്രതിസന്ധി, ദുരന്ത നിവാരണ അതോറിറ്റിയുമായി ഏകോപിപ്പിച്ച്, മാനവിഭവശേഷി മന്ത്രാലയമാണ്  ഈ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്.