എഐ ക്യാമറയില്‍ പതിഞ്ഞത് 328 സർക്കാർ വാഹനങ്ങളുടെ നിയമലംഘനമെന്ന് മന്ത്രി; സെപ്റ്റംബർ 1 മുതല്‍ ഹെവി വാഹനങ്ങള്‍ക്കും സീറ്റ് ബെല്‍റ്റ് നിർബന്ധമാക്കും

Jaihind Webdesk
Thursday, August 3, 2023

 

തിരുവനന്തപുരം: എഐ ക്യാമറ സംവിധാനം കുറ്റമറ്റ രീതിയിൽ പ്രവർത്തനക്ഷമമാക്കുവാൻ 3 മാസം കൂടി വേണ്ടിവരുമെന്ന്
ഗതാഗത മന്ത്രി ആന്‍റണി രാജു. 1994 മുതലുള്ള അന്യസംസ്ഥാന വാഹനങ്ങൾ ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾക്ക് സെപ്റ്റംബർ ഒന്നു മുതൽ സീറ്റ് ബെൽറ്റ് കർശനമാക്കും. പിഴ അടയ്ക്കാത്ത വാഹനങ്ങൾക്ക് ഇൻഷുറൻസ് പുതുക്കി നൽകാത്ത രീതിയിൽ സംവിധാനം ഏർപ്പെടുത്തുന്നതിന് ഇൻഷുറൻസ് കമ്പനികളുമായി ചർച്ച നടത്തും. എംപിമാരുടെയും എംഎൽഎമാരുടെയും ഉൾപ്പെടെ 328 സർക്കാർ വാഹനങ്ങളുടെനിയമ ലഘനം കണ്ടെത്തിയിട്ടുണ്ടെന്നും എഐ ക്യാമറ അവലോകന യോഗത്തിനു ശേഷം മന്ത്രി അറിയിച്ചു.

32,44,277 നിയമലംഘനങ്ങൾ ക്യാമറ കണ്ടെത്തിയിട്ടുണ്ടെങ്കിലും 3,23,604 പേർക്കുമാത്രമാണ് പിഴ ചെലാൻ അയക്കുവാൻ കഴിഞ്ഞത്. 25 കോടി 81 ലക്ഷം രൂപ പിഴ ചുമത്തി എങ്കിലും മൂന്നു കോടിയിൽപ്പരം രൂപ മാത്രമാണ് പിഴയായി പിരിഞ്ഞു കിട്ടിയതെന്ന് മന്ത്രി അറിയിച്ചു. ഈ സാഹചര്യത്തിൽ പിഴ അടയ്ക്കാത്ത വാഹനങ്ങൾക്ക് ഇൻഷുറൻസ് പുതുക്കി നൽകാത്ത രീതിയിൽ സംവിധാനം ഏർപ്പെടുത്തുന്നതിന് ഇൻഷുറൻസ് കമ്പനികളുമായി ചർച്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

1994 മുതലുള്ള അന്യസംസ്ഥാന വാഹനങ്ങൾ ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾക്ക്സെപ്റ്റംബർ 1 മുതൽ സീറ്റ് ബെൽറ്റ് കർശനമാക്കുമെന്ന് മന്ത്രി അറിയിച്ചു.  എംപിമാരുടെയും എംഎൽഎമാരുടെയും ഉൾപ്പെടെ 328 സർക്കാർ വാഹനങ്ങളുടെ നിയമലംഘനം കണ്ടെത്തി. എംപിമാരുടെ വാഹനം 10 തവണയുംഎംഎൽഎമാരുടെ വാഹനം 19 തവണയും നിയമലംഘനം നടത്തിയിട്ടുണ്ട്. ഇതിൽ ഒരു എംപിയുടെ വാഹനം ആറു തവണയും ഒരു എംഎൽഎയുടെ വാഹനം ഏഴ് തവണയും നിയമ ലംഘനം നടത്തിയതായി കണ്ടെത്തിയെന്നും ഗതാഗതമന്ത്രി പറഞ്ഞു.