സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗണും രാത്രി കർഫ്യൂവും പിന്‍വലിച്ചു; ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കും

Jaihind Webdesk
Tuesday, September 7, 2021

 

തിരുവനന്തപുരം : സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗണും രാത്രി കർഫ്യൂവും പിൻവലിക്കാൻ തീരുമാനം. ഉന്നതതല യോഗ തീരുമാനം മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ അറിയിച്ചു. വ്യവസ്ഥകളോടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനും തീരുമാനമായി.

രാത്രി 10 മുതൽ രാവിലെ 6 വരെയായിരുന്നു രാത്രികാല കർഫ്യൂ. ഇത് പിന്‍വലിക്കാന്‍ തീരുമാനമായി. ഒക്ടോബര്‍ 4 മുതല്‍ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനും തീരുമാനമായി. പോളിടെക്നിക്, മെഡിക്കല്‍ കോളേജുകള്‍ എന്നിവ തുറക്കും. അവസാന വർഷ ക്ലാസുകളായിരിക്കും ആരംഭിക്കുക. അധ്യാപകരും വിദ്യാര്‍ത്ഥികളും ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചിരിക്കണം. മുഴുവൻ സ്കൂൾ അധ്യാപകരും ഉടൻ വാക്സിൻ എടുക്കണം. സ്കൂൾ അധ്യാപകർക്ക് മുൻഗണന നൽകും. പത്ത് ദിവസത്തിനകം വകുപ്പുകൾ ഈ കാര്യത്തിൽ വ്യക്തത വരുത്തണം.

അശാസ്ത്രീയമായ നിയന്ത്രണങ്ങള്‍ക്കെതിരെ  പ്രതിപക്ഷം ശക്തമായ വിമർശനം ഉയർത്തിയിരുന്നു. ശനിയാഴ്ച തിരക്ക് കൂട്ടാൻ മാത്രമേ ഞായറാഴ്ച ലോക്ക്ഡൗണ്‍ ഉപകരിക്കൂ എന്നായിരുന്നു പ്രതിപക്ഷ വിമർശനം.