സര്‍ക്കാരിന്‍റെ പി എസ്സ് സി ഉദാരത അഥവാ ആശാവര്‍ക്കര്‍മാര്‍ക്ക് വഴിയാധാരം

Jaihind News Bureau
Wednesday, February 19, 2025

കനത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടയില്‍ സംസ്ഥാന പി എസ്സ് സി ബോര്‍ഡിന് സര്‍ക്കാരിന്‍റെ ഉദാരത. പേരുകേട്ട പാര്‍ട്ടി അനുഭാവികളായ ചെയര്‍മാന്‍റെയും, അംഗങ്ങളുടെയും ശമ്പളവും ആനുകൂല്യങ്ങളും കുത്തനെ വര്‍ധിപ്പിച്ചിരിക്കുന്നു. അര്‍ഹതപ്പെട്ട നാമമാത്രമായ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിവസങ്ങളായി ആയിരക്കണക്കിന് ആശാവര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ ധര്‍മ്മസമരം തുടരുന്നതിനിടയിലാണ് അവരെ അവഗണിച്ചുകൊണ്ട് നിലവില്‍ ലക്ഷാധിപതികളായ പി എസ് സി അംഗങ്ങള്‍ക്ക് വാരിക്കോരി വീണ്ടും ശമ്പളം കൂ്ട്ടിക്കൊടുത്തത്.

പി എസ് സി ചെയര്‍മാന്‍റെ ശമ്പളവും ആനുകൂല്യങ്ങളും ജില്ലാ ജഡ്ജിമാരുടെ സൂപ്പര്‍ ടൈം സ്‌കെയിലിലെ പരമാവധി തുകയ്ക്കു തുല്യമാക്കിയാണ് സര്‍ക്കാര്‍ ഇഷ്ടം പ്രകടിപ്പിച്ചത്. അംഗങ്ങള്‍ക്ക് ജില്ലാ ജഡ്ജിമാരുടെ സെലക്ഷന്‍ ഗ്രേഡ് സ്‌കെയിലിലെ പരമാവധി തുകയ്ക്കു തുല്യവുമായിരിക്കും പുതുക്കിയ ശമ്പളം. ഇതു തമ്മില്‍ ഏറെ വ്യത്യാസമില്ല. ഇതിനൊക്കെ പുറമേ മറ്റ് ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. നിലവില്‍ ഉയര്‍ന്ന അമിത ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റുന്ന പിഎസ്സി അംഗങ്ങള്‍ക്കാണ് സാമ്പത്തിക പ്രതിസന്ധി ക്കിടയിലും സര്‍ക്കാര്‍ വാരിക്കോരി വീണ്ടും ശമ്പളം നല്‍കുന്നത്. പുതിയ ശമ്പള പരിഷ്‌കരണത്തിലൂടെ ചെയര്‍മാന് മൂന്നര ലക്ഷവും അംഗങ്ങള്‍ക്ക് മൂന്നേകാല്‍ ലക്ഷം രൂപയും പ്രതിമാസം ലഭിക്കും.

അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിവസങ്ങളായി ആയിരക്കണക്കിന് ആശാവര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ ധര്‍മ്മസമരം തുടരുന്നതിനിടയിലാണ് അവരെ അവഗണിച്ചുകൊണ്ട് നിലവില്‍ ലക്ഷങ്ങള്‍ പ്രതിഫലം പറ്റുന്നവര്‍ക്ക് വന്‍ ശമ്പള വര്‍ധന പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് സര്‍ക്കാരിന്റെ മദ്യനയത്തിന് ഇന്നും രൂപം നല്‍കുവാന്‍ മന്ത്രിസഭാ യോഗത്തിന് കഴിഞ്ഞില്ല.മദ്യ നയത്തിലെ വിവിധ നിര്‍ദ്ദേശങ്ങളില്‍ സിപിഐ മന്ത്രിമാര്‍ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചതോടെയാണ് തീരുമാനം മാറ്റിവെച്ചത്.ഇടതുമുന്നണിയില്‍ കൂടുതല്‍ ചര്‍ച്ച നടത്തിയ ശേഷമാകും ഇനി വീണ്ടും മദ്യനയം മന്ത്രിസഭ പരിഗണിക്കുക. കള്ള് ഷാപ്പുകളുടെ ദുരപരിധി സംബന്ധിച്ചും ഡ്രൈഡേ ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ തര്‍ക്കം തുടരുകയാണ്.ഡ്രൈ ഡേ ഉള്‍പ്പെടെ ഒഴിവാക്കുന്നതില്‍ നേരത്തെ കോഴ ആരോപണം ഉയര്‍ന്നതോടെയായിരുന്നു മദ്യനയം രൂപീകരിക്കുന്നതില്‍ സര്‍ക്കാര്‍ ആശയക്കുഴപ്പത്തില്‍ ആയത്.

 

പ്രസംഗത്തിന്‍റെ പൂർണ്ണരൂപം:

വികസന- ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലാതെ നട്ടംതിരിയുന്നതിനിടെ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളവും അലവന്‍സുകളും അനിയന്ത്രിതമായി വര്‍ധിപ്പിക്കാനുള്ള മന്ത്രസഭ യോഗത്തിന്റെ തീരുമാനം അംഗീകരിക്കാനാകില്ല. ഇത് ജനങ്ങളോടുള്ള പരസ്യമായ വെല്ലുവിളിയാണ്.

മൂന്നു മാസമായി മുടങ്ങിക്കിടക്കുന്ന തുച്ഛ വേതനത്തിനും വേതന വര്‍ധനവിനും വേണ്ടി സെക്രട്ടേറിയറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മാരായി ജോലി ചെയ്യുന്ന സ്ത്രീകള്‍ പത്തു ദിവസമായി നടത്തുന്ന സമരം കണ്ടില്ലെന്നു നടിക്കുന്ന അതേ സര്‍ക്കാരാണ് ലക്ഷങ്ങള്‍ മാസശമ്പളം വാങ്ങുന്നവരുടെ ശമ്പളം വീണ്ടും വര്‍ധിപ്പിച്ചു നല്‍കിയിരിക്കുന്നത്. ശമ്പളവും പെന്‍ഷനും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാതെ കെ.എസ്.ആര്‍.ടി.സിയിലെ ജീവനക്കാരും വിരമിച്ചവരും നട്ടംതിരിയുന്നതും ഇതേ കേരളത്തിലാണെന്നത് മറക്കരുത്. വയോധികരും വിധവകളും ഭിന്നശേഷിക്കാരും ഉള്‍പ്പെടെയുള്ളവര്‍ക്ക് മാസങ്ങളോളം പെന്‍ഷന്‍ നല്‍കാതിരുന്നു. ഇപ്പോഴും മൂന്നു മാസത്തെ കുടിശികയുണ്ട്. ജീവക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി ഒരു ലക്ഷം കോടി രൂപയുടെ കുടിശകയാണ് നിലവിലുള്ളത്. ഖജനാവില്‍ പണമില്ലാത്തതില്‍ പ്രത്യേക പരിഗണന നല്‍കേണ്ട വിഭാഗങ്ങളുടെ പദ്ധതി വിഹിതം പോലും ചരിത്രത്തില്‍ ആദ്യമായി വെട്ടിക്കുറച്ച സര്‍ക്കാരാണ് രാഷ്ട്രീയ നിയമനത്തിലൂടെ ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്നവര്‍ക്ക് വീണ്ടും ലക്ഷങ്ങള്‍ കൂട്ടിക്കൊടുത്തത്.

സര്‍ക്കാര്‍ നടത്തിയ അഴിമതിയും ധൂര്‍ത്തും പിന്‍വാതില്‍ നിയമനങ്ങളുമാണ് സംസ്ഥാനത്തെ ധനപ്രതിസന്ധിക്ക് കാരണം. എന്നിട്ടും അതിന്റെ പാപഭാരം മുഴുവനായി നികുതിയും സെസും നിരക്ക് വര്‍ധനകളുമായി സാധാരണക്കാരുടെ ചുമലിലേക്ക് അടിച്ചേല്‍പ്പിക്കുകയാണ്. അര്‍ഹമായ തസ്തികകള്‍ അനുവദിക്കാതെയും ആനുകൂല്യങ്ങള്‍ പിടിച്ചുവച്ചും പി.എസ്.സിയിലെ സാധാരണ ജീവനക്കാരെ ദ്രോഹിക്കുന്ന അതേ സര്‍ക്കാരാണ് ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളവും അലവന്‍സും കുത്തനെ കൂട്ടിയത്. സര്‍ക്കാരിന്റെ മുന്‍ഗണനാക്രമം എന്താണെന്ന് ഈ ഒരൊറ്റ മന്ത്രിസഭാ തീരുമാനത്തിലൂടെ വ്യക്തമാണ്.