മുഖ്യമന്ത്രിയാകാന്‍ ആർക്കാണിത്ര തിടുക്കം? ; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ രാജിക്കത്ത് സഭയില്‍ ഉയര്‍ത്തി കുമാരസ്വാമി

Monday, July 22, 2019

കര്‍ണാടകയില്‍ സ്വതന്ത്ര എം.എൽ.എമാരുടെ ഹര്‍ജിയില്‍ കോണ്‍ഗ്രസും സ്പീക്കറും കക്ഷിചേരും. വിമതരുടെ വിപ്പിന്‍റെ കാര്യത്തില്‍ വ്യക്തത തേടിയാണ് കക്ഷി ചേരുന്നത്. കോണ്‍ഗ്രസിനുവേണ്ടി കപിൽ സിബലും സ്പീക്കര്‍ക്കുവേണ്ടി അഭിഷേക് മനു സിംഗ്‌വിയും ഹാജരാകും.

നാളത്തെ സുപ്രീം കോടതി തീരുമാനം വരുന്നത് വരെ വിശ്വാസവോട്ടെടുപ്പ് മാറ്റണമെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി സഭയില്‍ ആവശ്യപ്പെട്ടു. ബുധനാഴ്ച വരെ വിശ്വാസ പ്രമേയത്തിന്മേല്‍ ചര്‍ച്ച നടത്തണമെന്ന് കുമാരസ്വാമി സ്പീക്കറോട് അഭ്യര്‍ഥിച്ചിരുന്നെങ്കിലും അത് അംഗീകരിച്ചില്ല. കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡി.കെ ശിവകുമാറും വോട്ടെടുപ്പ് നീട്ടിവെക്കണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടു. വിശ്വാസപ്രമേയത്തിലെ ചര്‍ച്ച പൂര്‍ത്തിയായ ശേഷം മാത്രം വോട്ടെടുപ്പ് നടത്തിയാല്‍ മതിയെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം ഇന്നുതന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന നിലപാടിലാണ് ബി.ജെ.പി.

താന്‍ രാജിവെച്ചു എന്നതരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജകത്ത് കുമാരസ്വാമി സഭയില്‍ കാണിച്ചു. ഇത് വളരെ തരംതാണ പ്രവൃത്തിയാണെന്നും മുഖ്യമന്ത്രിയാകാന്‍ ആരാണ് ഇത്ര തിടുക്കംകൊള്ളുന്നതെന്നും കുമാരസ്വാമി സഭയില്‍ ചോദിച്ചു.

അതേസമയം ചൊവ്വാഴ്ച രാവിലെ 11 ന് മുൻപ് സഭയില്‍ ഹാജരായില്ലെങ്കില്‍ അയോഗ്യരാക്കുമെന്ന് കാട്ടി  വിമത എം.എല്‍.എമാര്‍ക്ക്  സ്പീക്കർ നോട്ടീസ് അയച്ചു. മന്ത്രി ഡി.കെ ശിവകുമാറും വിമത എം.എല്‍.എമാർക്ക് മുന്നറിയിപ്പ് നല്‍കി. ബി.ജെ.പി മന്ത്രിപദം വാഗ്ദാനം ചെയ്ത് വിമത എം.എല്‍.എമാരെ  വശത്താക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ അയോഗ്യരാക്കായാല്‍ ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് അംഗമാകാന്‍ കഴിയില്ലെന്നും ശിവകുമാര്‍ ഓര്‍മപ്പെടുത്തി.