‘ഉദ്ദേശ്യം രാഷ്ട്രീയം’; വഖഫ് നിയമത്തിനെതിരെ നിയമപോരാട്ടം കടുപ്പിക്കാന്‍ മുസ്ലിം ലീഗ്

Jaihind News Bureau
Sunday, April 6, 2025

വഖഫ് നിയമഭേദഗതിക്ക് എതിരെ നിയമപോരാട്ടം കടുപ്പിക്കാന്‍ തീരുമാനിച്ച് മുസ്ലിം ലീഗ്. തിങ്കളാഴ്ച രാവിലെ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലുമായി കൂടിക്കാഴ്ച്ച നടത്താനായി പി.കെ. കുഞ്ഞാലിക്കുട്ടി ഡല്‍ഹിയിലേക്ക് പോകും. നിയമനടപടികള്‍ ഏകോപിപ്പിക്കാനാണ് ഡല്‍ഹിക്ക് പേകുന്നത്. നിയമം അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യുമായി സുപ്രീം കോടതിയെ സമീപിക്കാനും മുസ്ലിം ലീഗ് തീരുമാനിച്ചു.

വഖഫ് ബില്‍ ന്യൂനപക്ഷ അവകാശത്തിന്റെ പ്രശ്‌നമാണെന്നും രാജ്യവ്യാപകമായി പ്രക്ഷോഭമുണ്ടാക്കുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഇത് ഭരണഘടനാപരമായുള്ള അവകാശമാണെന്നും കേരളത്തിന്റെ താത്കാലിക ആവശ്യങ്ങള്‍ക്കു മാത്രമാണ് മുനമ്പം വിഷയം എടുത്തിടുന്നതെന്നും ഉദ്ദേശ്യം രാഷ്ട്രീയമാണെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.

വഖഫ് നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കിയതിന് പിന്നാലെ അതില്‍ ഒപ്പ് വയ്ക്കരുതെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗിന്റെ അഞ്ച് എം.പിമാര്‍ രാഷ്ട്രപതിക്ക് ശനിയാഴ്ച കത്ത് നല്‍കിയിരുന്നു. എന്നാല്‍ എം.പിമാരുടെ ആവശ്യം അവഗണിച്ചാണ് ഇന്നലെ രാത്രി രാഷ്ട്രപതി ദ്രൗപതി മുര്‍മു ബില്ലില്‍ ഒപ്പ് വച്ചത്. തൊട്ടുപിന്നാലെ കേന്ദ്ര നിയമ മന്ത്രാലയം വഖഫ് ഭേദഗതി നിയമമാക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കി.